തിരുവനന്തപുരം: കേരളത്തിലെ 14 ഡിസ്റ്റലറികളും മദ്യ ഉത്പാദനം നിര്‍ത്തി ഒരു മാസം പിന്നിട്ടതോടെ സംസ്ഥാനത്തെ മദ്യ ലഭ്യത നിലച്ചു. മദ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം വിറ്റുവരവ് നികുതി(ടേണ്‍ ഓവര്‍ ടാക്‌സ്) പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്റ്റിലറികള്‍ ഒരു മാസമായി മദ്യ ഉത്പാദനം നിര്‍ത്തിവച്ചത്. ഇതോടെ വില കുറഞ്ഞ മദ്യ ബ്രാന്‍ഡുകളുടെ ലഭ്യത തീര്‍ത്തും ഇല്ലാതായി.
നിലവിൽ ബിയറും വൈനും മാത്രമാണ് ഔട്ട്‌ലെറ്റുകളില്‍ ലഭിക്കുന്നത്. ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകളില്‍ വിലകൂടിയ മദ്യം ലഭ്യമാണ്. എന്നാല്‍ പ്രീമിയം കൗണ്ടറുകളില്‍ ഉയര്‍ന്ന വിലയായതിനാല്‍ സാധാരണക്കാര്‍ക്ക് ഇത് അപ്രാപ്യമാണ്. ഈ സാഹചര്യത്തില്‍ വ്യാജ മദ്യത്തിന്‍റെ ഒഴുക്ക് കൂടാനുള്ള സാധ്യതയും എക്‌സൈസ് വകുപ്പ് കാണുന്നുണ്ട്.
മദ്യ ഉത്പാദനത്തിനാവശ്യമായ സ്‌പിരിറ്റിന്‍റെ വില വര്‍ധിച്ച സാഹചര്യത്തില്‍ അഞ്ച് ശതമാനം വിറ്റുവരവ് നികുതി കൂടി നല്‍കി മദ്യം ബെവ്‌കോയ്‌ക്ക് നല്‍കുന്നത് ഒട്ടും ലാഭകരമല്ലെന്ന് എം വി ഗോവിന്ദന്‍ എക്‌സൈസ് മന്ത്രിയായിരുന്ന സമയത്തു തന്നെ ഡിസ്റ്റിലറി ഉടമകള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളില്‍ കമ്പനികള്‍ മദ്യ വിതരണം നിര്‍ത്തിയത് ഇപ്പോഴത്തേതിന് സമാന പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു.
എന്നാല്‍ വിറ്റുവരവ് നികുതി പിന്‍വലിക്കാമെന്ന് അന്ന് മന്ത്രി നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ കമ്പനികള്‍ മദ്യ വിതരണം വീണ്ടും തുടങ്ങി. എന്നാല്‍ സ്‌പിരിറ്റിന് വീണ്ടും വില ലിറ്ററിന് 74 രൂപയായി വര്‍ധിച്ചതോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മദ്യ ഉത്പാദനം പൂര്‍ണമായി നിര്‍ത്തിയതെന്ന് കമ്പനികള്‍ അറിയിച്ചു. ഒരു കേസ് അഥവാ ഒമ്പത് ലിറ്റര്‍ മദ്യം ഉത്പാദിപ്പിക്കാന്‍ നാല് ലിറ്റര്‍ സ്‌പിരിറ്റ് ആവശ്യമാണ്.
മുന്നിൽ വലിയ സാമ്പത്തിക പ്രതിസന്ധി: മദ്യ ലഭ്യത അതിരൂക്ഷമായ കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം സംസ്ഥാന ഖജനാവിന് 150 കോടി രൂപയുടെ നഷ്‌ടമാണുണ്ടായത്. പ്രശ്‌നം ഉടന്‍ പരിഹരിക്കാനാകുന്നില്ലെങ്കില്‍ സര്‍ക്കാരിന് ഇത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കും. മദ്യ കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം വിറ്റുവരവ് നികുതിയിലൂടെ സംസ്ഥാന ഖജനാവിന് ഒരു വര്‍ഷം ലഭിക്കുന്നത് 170 കോടി രൂപയാണ്.
എന്നാല്‍ മദ്യ ലഭ്യതയിലൂടെ ലഭിക്കുന്നതാകട്ടെ 15,000 കോടിയും. 15,000 കോടി രൂപ നഷ്‌ടപ്പെടുത്തി 170 കോടിക്കു വേണ്ടി സര്‍ക്കാര്‍ കടുംപിടിത്തം നടത്തേണ്ടതുണ്ടോ എന്നൊരു ചോദ്യം ഡിസ്റ്റിലറി ഉടമകള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. അതേസമയം അഞ്ച് ശതമാനം വിറ്റുവരവ് നികുതി പിന്‍വലിച്ച് മദ്യത്തിന് അഞ്ച് ശതമാനം വില്‍പ്പന നികുതി ഏര്‍പ്പെടുത്തിയാല്‍ ഖജനാവിന് വരുമാന നഷ്‌ടമില്ലാതെ ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാമെന്ന് ഡിസ്റ്റിലറി ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
മുന്നിൽ ജവാൻ മാത്രം: ഇന്നത്തെ മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുത്തേക്കുമെന്നും സൂചനയുണ്ട്. സംസ്ഥാനത്ത് പ്രതിദിനം 30,000 കെയ്‌സ് മദ്യമാണ് വില്‍പ്പന നടത്തുന്നത്. ഇതില്‍ 90 ശതമാനത്തോളം മദ്യവും കേരളത്തില്‍ ഉത്പാദിപ്പിക്കുന്നവയാണ്. മറ്റ് ഡിസ്റ്റിലറികള്‍ ഉത്പാദനം നിര്‍ത്തിയെങ്കിലും സര്‍ക്കാരിന്‍റെ മദ്യമായ ജവാന്‍ ഉത്പാദനം തടസം കൂടാതെ നടക്കുന്നുണ്ട്.
എന്നാല്‍ പ്രതിദിനം 7000 കേസ് മദ്യം ഉത്പാദിപ്പിക്കാനുള്ള ശേഷി മാത്രമേ ജവാന്‍ ഉത്പാദകരായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനുള്ളൂ. ഇത് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്‌തവുമല്ല. കേരളത്തിനു പുറത്തുള്ള മദ്യ കമ്പനികള്‍ക്ക് വിറ്റുവരവു നികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരവുമില്ല.