തിരുവനന്തപുരം: മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതികരണവുമായി നടൻ ചന്തുനാഥ്. ഒരു നടനെ സംബന്ധിച്ച് സിനിമയിൽ നിന്ന് വിലക്കേർപ്പെടുത്തുന്നത് വിഷമകരമാണെന്ന് ചന്തുനാഥ് പറഞ്ഞു. വിലക്കിന് പകരം മറ്റെന്തെങ്കിലും അച്ചടക്ക നടപടികൾ ഉണ്ടോയെന്നറിയില്ല.
വിലക്കേർപ്പെടുത്തുന്നതിനോട് വ്യക്തിപരമായി യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ പരസ്യ വിമർശനം ഉന്നയിക്കാതെയായിരുന്നു ചന്തുനാഥിന്‍റെ പ്രതികരണം. വിലക്ക് പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും നേരത്തെ മമ്മൂട്ടിയും വ്യക്തമാക്കിയിരുന്നു.
നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്‌ത് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ 'ഇനി ഉത്തരം' എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന മീറ്റ് ദി പ്രസ് പരിപാടിയിലാണ് ചന്തുനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഹരീഷ് ഉത്തമൻ, സംവിധായകൻ സുധീഷ് രാമചന്ദ്രൻ, ചിത്രത്തിന്‍റെ അണിയറ പ്രവർത്തര്‍ എന്നിവരും മീറ്റ് ദി പ്രസിൽ പങ്കെടുത്തു.
ത്രില്ലർ മൂഡിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അപർണ ബാലമുരളിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. രഞ്ജിത്ത് ഉണ്ണിയുടെതാണ് തിരക്കഥ. ഏ ആൻഡ് വി എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ അരുൺ, വരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.