തിരുവനന്തപുരം : പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് മരണം വരെ കഠിന തടവ്. ചെങ്കൽ മര്യാപുരം സ്വദേശി ഷിജുവിനാണ് (26) തിരുവനന്തപുരം അതിവേഗ കോടതി ജഡ്‌ജി ആർ. ജയകൃഷ്‌ണൻ മരണം വരെ തടവും 75,000 രൂപ പിഴയും വിധിച്ചത്.
യാതൊരു ദയയും അർഹിക്കാത്തതിനാല്‍ ജീവിതാന്ത്യം വരെ പ്രതിക്ക് കഠിന തടവ് നൽകണം എന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് വിധി. 2019 ജനുവരി മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം.
ഇരയായ പെൺകുട്ടിയുടെ വീടിനടുത്ത് മരപ്പണിക്ക് വന്നതായിരുന്നു പ്രതി. കുട്ടിയുടെ അച്ഛൻ മരണപ്പെട്ടിരുന്നു. അമ്മയ്‌ക്കും ചേട്ടനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. പെൺകുട്ടി വീട്ടിൽ ഒറ്റയ്‌ക്കാണ് എന്നറിഞ്ഞ പ്രതി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് വീട്ടിലെത്തുകയായിരുന്നു.
പെൺകുട്ടി വാതിൽ തുറന്ന് പ്രതി നൽകിയ കുപ്പിയുമായി അകത്തുപോയ സമയം ഇയാള്‍ വീട്ടിനുള്ളിൽ കയറി. തുടർന്ന് കതക് അടച്ച് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
ALSO READ: ഇടുക്കിയില്‍ ബന്ധു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 14 കാരി പ്രസവിച്ചു
കുട്ടി നിലവിളിച്ചെങ്കിലും അയൽവാസികളാരും കേട്ടില്ല. പുറത്തറിയിച്ചാൽ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വിവരം ആരോടും പറഞ്ഞില്ല. അടുത്ത ദിവസം പ്രതി വീണ്ടും വീട്ടിലെത്തി ബെല്ലടിച്ചപ്പോൾ പെൺകുട്ടി സ്റ്റോർ മുറിയിൽ കയറി ഒളിച്ചിരുന്നു.
കുറച്ചുനേരം കഴിഞ്ഞ് പ്രതി പോയോ എന്നറിയാൻ എത്തി നോക്കിയത് ഇയാള്‍ കണ്ടു. വാതിൽ തുറന്നില്ലെങ്കിൽ കഴിഞ്ഞ ദിവസം നടന്നത് പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി. ഇതിൽ ഭയന്ന് വാതിൽ തുറന്ന കുട്ടിയെ അന്നേ ദിവസവും ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷം കുട്ടി ഗർഭിണിയായപ്പോഴാണ് വിവരം വീട്ടുകാർ അറിയുന്നത്. തുടർന്നാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. കുട്ടിയുടെ ശാരീരിക സ്ഥിതി മോശമായതിനാൽ വൈദ്യ നിർദേശപ്രകാരം ഗർഭം അലസിപ്പിച്ചു. ഡിഎൻഎ പരിശോധനയിൽ പ്രതിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് ശാസ്ത്രീയമായി തെളിഞ്ഞു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായ ആർ.എസ് വിജയ് മോഹൻ, കാട്ടായിക്കോണം ജെ.കെ അജിത്ത് പ്രസാദ് എന്നിവർ ഹാജരായി. പൂജപ്പുര സിഐയായിരുന്ന പ്രേംകുമാറാണ് കേസ് അന്വേഷിച്ചത്. 2 സാക്ഷികളെ വിസ്‌തരിച്ചു. 24 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. ഇരയായ പെൺകുട്ടിക്ക് സർക്കാർ നഷ്‌ടപരിഹാരം നൽക്കാനും കോടതി വിധിച്ചിട്ടുണ്ട്.