തിരുവനന്തപുരം: ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും മുന്നൂറോളം പേര്‍ പങ്കെടുത്തതായി സൂചന. രണ്ട് സമ്മേളനങ്ങളിലായാണ് ഇവര്‍ പങ്കെടുത്തിരിക്കുന്നത്. ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞതായാണ് വിവരം. എന്നാല്‍ രണ്ടാം സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവനാളുകളുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരുടെ വിവരങ്ങള്‍ ഇന്‍റലിജന്‍സ് വിഭാഗം ശേഖരിച്ച് വരികയാണ്.
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളിലുള്ള 10 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരുന്നു. കേരളത്തില്‍ നിന്ന് ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ എഴുപതോളം പേരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവര്‍ വീട്ടിൽ നിരീക്ഷണത്തിലാണ്. അതേസമയം രണ്ടാം സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മടങ്ങിയെത്തിയിട്ടില്ലെന്നാണ് വിവരം. അതേസമയം സമ്മേളനത്തില്‍ പങ്കെടുത്ത 12 പേര്‍ കോട്ടയം ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, അതിരമ്പുഴ, കമ്മനം എന്നീ മേഖലകളിലുള്ളവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.