തിരുവനന്തപുരം: മുൻ എംപി എപി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിന്‍റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. മോദി രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ അദ്ദേഹത്തെ ഗാന്ധിജിയോടുപമിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിലാണ് പുറത്താക്കൽ. അബ്ദുള്ളക്കുട്ടി തന്‍റെ നിലപാടിൽ ഉറച്ചു നിൽക്കുകയും കാരണം കാണിക്കൽ നോട്ടീസിന് പരിഹാസരൂപേണ മറുപടി നൽകുകയും ചെയ്ത സാഹചര്യത്തിലാണ് അച്ചടക്ക നടപടി എന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനപദ്ധതികൾക്ക് ഗാന്ധിയൻ ടച്ച് എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗാന്ധിയൻ മൂല്യങ്ങൾ ഗാന്ധിജിയുടെ നാട്ടുകാരനായ നരേന്ദ്രമോദി തന്‍റെ വികസന പദ്ധതികളിൽ ഉപയോഗിച്ചു എന്നതാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയതെന്നും വിവാദ ഫേസ്ബുക്ക് കുറിപ്പിൽ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. കേരളത്തിൽ സിപിഎമ്മിനെയും ബിജെപിയും തറപറ്റിച്ച് കോൺഗ്രസ് ഉജ്ജ്വല വിജയം ആഘോഷിക്കുന്ന ഘട്ടത്തിൽ കോൺഗ്രസിന്‍റെ മുൻ എംഎൽഎ കൂടിയായ അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ് പാർട്ടി നേതൃത്വത്തിന് ക്ഷീണമായി. അബ്ദുള്ളക്കുട്ടിയെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി കെപിസിസി നേതൃത്വത്തിന് കത്തയച്ചു. കഴിഞ്ഞ മാസം 28ന് ചേർന്ന കെപിസിസി നേതൃയോഗം അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ആവശ്യപ്പെട്ടു. പിന്നാലെ കോൺഗ്രസ് നേതാവ് വിഎം സുധീരനും കണ്ണൂർ എം പി കെ സുധാകരനുമെതിരെ രൂക്ഷവിമർശനവുമായി അബ്ദുള്ളക്കുട്ടി രംഗത്ത് വന്നു. വിശദീകരണം ചോദിക്കാൻ കെപിസിസി പ്രസിഡന്‍റിന് അധികാരമില്ലെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ മറുപടി.
കോൺഗ്രസിന്‍റെ ഭരണഘടന അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട ഒരു കെപിസിസി പ്രസിഡന്‍റിനു മാത്രമേ വിശദീകരണം തേടാൻ കഴിയു എന്നും ഇപ്പോഴത്തേത് സമവായ കമ്മറ്റി മാത്രമാണെന്നും വിശദീകരണക്കുറിപ്പിൽ അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. തന്‍റെ കാഴ്ചപ്പാടിൽ ഒരു മാറ്റവുമില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു എന്നു കൂടി വിശദീകരിച്ചതോടെ അബ്ദുള്ളക്കുട്ടിക്ക് കോൺഗ്രസിന് പുറത്തേക്കുള്ള വഴി തുറന്നു. 1999ൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കരുത്തനായ സിറ്റിങ് എംപി മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തിയാണ് അബ്ദുള്ളക്കുട്ടി സിപിഎമ്മിലെ അത്ഭുതക്കുട്ടി ആകുന്നത്. ലോക്സഭാംഗം ആയിരിക്കേ 2009 ജനുവരി 17ന് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അബ്ദുള്ളക്കുട്ടിയെ സിപിഎം സസ്പെൻഡ് ചെയ്യുകയും മാർച്ച് ഏഴിന് പുറത്താക്കുകയുമായിരുന്നു.
2009 ഏപ്രിലിൽ കോൺഗ്രസിൽ ചേർന്ന അബ്ദുള്ളക്കുട്ടി കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച് നിയമസഭയിലെത്തി. 2011ലും കണ്ണൂരിൽ അബ്ദുള്ളക്കുട്ടി വിജയം ആവർത്തിച്ചെങ്കിലും 2016 അബ്ദുള്ളക്കുട്ടിക്ക് കോൺഗ്രസ് സിറ്റിംഗ് സീറ്റ് നൽകിയില്ല. തലശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ദയനീയ പരാജയമായിരുന്നു ഫലം. ഇതോടെ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അബ്ദുള്ളക്കുട്ടി അകന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട്, വടകര ലോക്സഭാ സീറ്റുകളിൽ ഒന്ന് അബ്ദുള്ളക്കുട്ടി പ്രതീക്ഷിച്ചെങ്കിലും പാർട്ടി നേതൃത്വം സ്ഥാനാർത്ഥിത്വം അനുവദിച്ചില്ല. പാർട്ടിയിൽ അവഗണിക്കപ്പെടുന്നു എന്ന തോന്നലാണ് മോദി സ്തുതിയുമായി രംഗത്തുവരാൻ അബ്ദുള്ളക്കുട്ടിയെ പ്രേരിപ്പിച്ചതെന്നു വ്യക്തമാണ്. മഞ്ചേശ്വരത്ത് ഉടൻ നടക്കാൻ സാധ്യതയുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അബ്ദുള്ളക്കുട്ടി മത്സരിച്ചേക്കുമെന്ന് തന്നെയാണ് സൂചനകൾ.