തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ദേശാഭിമാനി പത്രത്തിലെ ലേഖനത്തിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍, ആര്‍ബിഐ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങള്‍ ബിജെപിയുടെ വരുതിയിലായെന്നും ഇനി ജുഡീഷ്യറിയെയാണ് വരുതിയിലാക്കാനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര ഏജന്‍സികളുടെ നടപടികൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ പെരുമാറ്റച്ചട്ടത്തിന്‍റെ പേരില്‍ അന്വേഷണം തടയില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണമെന്നും അതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷനും റിസര്‍വ് ബാങ്കുമടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബിജെപി വരുതിയിലാക്കിയെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ബിജെപി നേതൃത്വം കരുതിവച്ച ബോംബായിരുന്നു സ്വപ്നയുടെ രഹസ്യമൊഴിയെന്നും എന്നാലത് ചീറ്റിപ്പോയെന്നും വിജയരാഘവന്‍ പരിഹസിച്ചു. ചില മാധ്യമങ്ങള്‍ക്ക് വലിയ തലക്കെട്ടും ബ്രേക്കിങ്ങും ആയതൊഴിച്ചാല്‍ ജനങ്ങള്‍ക്ക് മുൻപിൽ അന്വേഷണ ഏജന്‍സിയും അതിനെ നിയന്ത്രിക്കുന്നവരും പരിഹാസ്യരാകുകയാണുണ്ടായത്. അതേ സമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും ദേശീയ നേതാക്കള്‍ ഒരുപോലെയാണ് സംസാരിക്കുന്നതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. ലേഖനം സംബന്ധിച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍, ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാനുള്ള ബിജെപി ശ്രമത്തെയാണ് വിമര്‍ശിച്ചതെന്നായിരുന്നു വിജയരാഘവന്‍റെ പ്രതികരണം.