കൊവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ തൊഴിൽ നഷ്‌ടപ്പെട്ട് ഏതാണ്ട് 5.5 ലക്ഷം വിദേശ മലയാളികള്‍ കേരളത്തിൽ മടങ്ങിയെത്തിയതായി സംസ്ഥാന സര്‍ക്കാരിന്‍റെ കണക്കുകൾ. മഹാമാരി മൂലമുണ്ടായ നിര്‍ബന്ധിത മടങ്ങിവരവ് കേരളത്തെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. കാരണം വിദേശ മലയാളികളില്‍ നിന്നുള്ള, പ്രത്യേകിച്ച് പശ്ചിമേഷ്യയില്‍ നിന്നുള്ള വിദേശ നാണ്യമാണ് കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്.
ഗള്‍ഫില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി എത്തുന്ന കുടിയേറ്റക്കാര്‍
കൊവിഡ് പടര്‍ന്നു പിടിച്ചതോടെ ഗള്‍ഫിലെയും മറ്റ് രാജ്യങ്ങളിലെയും കുടിയേറ്റ മലയാളികള്‍ക്കിടയില്‍ ആശങ്കകള്‍ ഉണ്ടാവുകയും ഒട്ടേറെ കുടിയേറ്റക്കാര്‍ നോര്‍ക്കയിലും മറ്റും രജിസ്റ്റര്‍ ചെയ്‌ത് കേരളത്തിലേക്ക് ഉടൻതന്നെ മടങ്ങിയെത്തുകയും ചെയ്‌തു. ഇങ്ങനെ മടങ്ങിയെത്താൻ രജിസ്റ്റര്‍ ചെയ്‌തവരുടെ കൂട്ടത്തില്‍ കുടിയേറ്റക്കാരും, അവരെ ആശ്രയിച്ചു കഴിയുന്നവരും, ചെറിയ സന്ദര്‍ശനങ്ങള്‍ക്കായി വിദേശത്തെത്തിയവരും, വിദ്യാർഥികളും ഉള്‍പ്പെടുന്നു.
2020 മെയ് മൂന്ന് വരെ ഇങ്ങനെ തിരിച്ചെത്താന്‍ ആഗ്രഹിച്ചവരുടെ എണ്ണം 4.13 ലക്ഷമായിരുന്നു. ഇതില്‍ തൊഴില്‍ നഷ്‌ടപ്പെട്ട 61,009 കുടിയേറ്റക്കാരും ഉള്‍പ്പെടും. 41,236 പേർ സന്ദര്‍ശന വിസയുടെ കാലാവധി തീര്‍ന്നവരും, 27100 പേർ വിസ കാലാവധി തീര്‍ന്നവരോ അല്ലെങ്കില്‍ വിസ റദ്ദാക്കപ്പെട്ടവരോ, 7,276 വിദ്യാർഥികളും ആയിരുന്നു. ഇതില്‍ തന്നെ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ബെഹ്റിന്‍, ഒമാന്‍, ഖത്തര്‍ എന്നിങ്ങനെയുള്ള ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയ മലയാളികളുടെ എണ്ണം ഏതാണ്ട് 3.2 ലക്ഷം വരും.
കുടിയേറ്റക്കാര്‍ മടങ്ങാനുള്ള കാരണങ്ങള്‍
കൊവിഡ് മൂലം മലയാളികള്‍ക്കിടയില്‍ മരണസംഖ്യ വർധിച്ചതും (2020 ജൂണ്‍ ആറ് വരെ 186 പേര്‍ മരിച്ചു), ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതും, കൊവിഡ് രോഗികളെ പ്രവേശിപ്പിക്കാനുള്ള ആശുപത്രി കിടക്കകളുടെ ദൗര്‍ലഭ്യതയും, സ്വകാര്യ ആശുപത്രികളിലെ ചെലവേറിയ ചികിത്സ താങ്ങാനാവാത്തതും, തൊഴില്‍ ക്യാമ്പുകളില്‍ ക്വാറന്‍റൈന് വേണ്ട ഇടവും സൗകര്യങ്ങള്‍ ഇല്ലാത്തതും ഒക്കെയാണ് മലയാളി കുടിയേറ്റക്കാരെ കേരളത്തിലേക്ക് മടങ്ങാൻ നിര്‍ബന്ധിതരാക്കിയത്. അസംസ്‌കൃത എണ്ണയുടെ വില എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതും ഗള്‍ഫ് രാജ്യങ്ങളിലെ ലോക്ക് ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഹ്രസ്വകാലത്തേക്ക് വന്‍ തോതില്‍ തൊഴിലുകള്‍ നഷ്‌ടപ്പെടുന്നതിനും കാരണമായി.
കൊവിഡും കുടിയേറ്റക്കാരുടെ മടക്കവും
കൊവിഡ് ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം 2020 മെയ് മുതല്‍ യാത്രാ അനുമതി നല്‍കിയതോടെ 8,69,730 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി എത്തിയവരിൽ 3.12 ലക്ഷം പേർ തമിഴ്‌നാട്ടിൽ നിന്നും, 3.11 ലക്ഷം പേർ കർണാടകയിൽ നിന്നും, 1.37 ലക്ഷം പേർ മഹാരാഷ്‌ട്രയിൽ നിന്നും മടങ്ങിയെത്തിയവരാണ്.
കേരളത്തില്‍ മടങ്ങിയെത്തിയവർ
ആകെ 21.89 ലക്ഷം മലയാളികള്‍ വിദേശത്ത് നിന്നും, രാജ്യത്തെ തന്നെ വിവിധ ഇടങ്ങളില്‍ നിന്നുമായി കേരളത്തിൽ മടങ്ങി എത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും വിമാനമാർഗം 8,62,544 പേര്‍ മടങ്ങിയെത്തി. 7,186 പേര്‍ കടല്‍മാർഗം തിരിച്ചെത്തി. നോര്‍ക്കയുടെ കണക്കുപ്രകാരം കൊവിഡ് ബാധിച്ച രാജ്യങ്ങളില്‍ നിന്നും മെയ് ഏഴ് മുതല്‍ കടല്‍മാർഗവും വിമാനം വഴിയും 3,00,021 മലയാളികള്‍ മടങ്ങിയെത്തി. അതില്‍ തന്നെ 1,66,891 പേര്‍ ജോലി നഷ്‌ടപ്പെട്ടതു കൊണ്ടാണ് മടങ്ങി വന്നത്.
മെയ് മാസം തുടക്കത്തിലും ജനുവരി ഏഴിനും ഇടയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ മലയാളികളുടെ എണ്ണം 8,69,730 ആണ്. തൊഴില്‍ നഷ്‌ടമാണ് മടങ്ങി വരാനുള്ള കാരണമെന്ന് ഇവരില്‍ 5,67,138 പേര്‍ ഔദ്യോഗികമായി അറിയിച്ചതായി എന്ന് നോര്‍ക്ക പറയുന്നു. ആകെ മടങ്ങിയെത്തിവരിൽ മുന്നിൽ എറണാകുളം ജില്ലയാണ്. 2,48,113 പേർ എറണാകുളത്തും 1,66,806 പേർ തിരുവനന്തപുരത്തും മടങ്ങിയെത്തി. മലപ്പുറത്ത് 1,43,709 പേരും, 32,959 പേര്‍ കാസർകോടും, 34,838 പേര്‍ വയനാടും മടങ്ങിയെത്തി.
ഏറ്റവും കൂടുതല്‍ വിദേശ മലയാളികൾ മടങ്ങിയെത്തിയത് മലപ്പുറത്ത്
1,40,931 പേര്‍ മലപ്പുറത്ത് മടങ്ങിയെത്തി. 89,166 പേര്‍ കോഴിക്കോട്ടും, 86,887 പേര്‍ തൃശൂരിലും, 7,370 പേർ ഇടുക്കിയിൽ നിന്നും മടങ്ങിയെത്തി. വിദേശത്ത് നിന്നും മടങ്ങിയെത്തിയ 3.15 ലക്ഷം പേർ കൊച്ചി വിമാനത്താവളം വഴിയും, 2.58 ലക്ഷം പേര്‍ കോഴിക്കോട് വിമാനത്താവളം വഴിയും, 1.76 ലക്ഷം പേര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയും, 1.09 ലക്ഷം പേര്‍ കണ്ണൂര്‍ വിമാനത്താവളം വഴിയും മടങ്ങിയെത്തി. 2955 പേരാണ് കൊച്ചി തുറമുഖം വഴി മടങ്ങിയെത്തിയത്.
സ്വപ്‌നമായി 'സ്വപ്‌ന കേരളം പദ്ധതി'
കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം കേരളത്തിലേക്ക് മടങ്ങിയെത്തിയ കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കുന്നതിനായി 'സ്വപ്‌ന കേരളം' അല്ലെങ്കില്‍ 'ഡ്രീം കേരള' എന്ന ഒരു പദ്ധതി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പദ്ധതിക്ക് തുടക്കമിട്ട ജൂലൈ ഒന്ന് മുതൽ 100 ദിവസത്തിനുള്ളില്‍ നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതെങ്കിലും തുടക്കമിട്ട് 70 ദിവസങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി ഇപ്പോഴും സ്വപ്‌നമായി അവശേഷിക്കുകയാണ്.
കൊവിഡ് മൂലം തൊഴിൽ നഷ്‌ടപ്പെട്ട വിദേശ മലയാളികളുടെ ക്ഷേമത്തിനായി അവരെ പുനരധിവസിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പദ്ധതിയിലൂടെ അവരുടെ നൈപുണ്യങ്ങളും അനുഭവസമ്പത്തും കേരളത്തിന്‍റെ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുക എന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത്. ഈ പദ്ധതിക്ക് നിരവധി ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടങ്ങള്‍ക്കും നിശ്ചിത കാലയളവ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ആദ്യ ചുവട് പദ്ധതിക്കാവശ്യമായ ആശയങ്ങള്‍ ജനങ്ങളില്‍ നിന്നും സ്വീകരിക്കലായിരുന്നു. ഒരു മാസമായിരുന്നു അതിന് സമയം അനുവദിച്ചിരുന്നതെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല.
തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങള്‍ നടപ്പാക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിനായി ഒരു ഹാക്കത്തോണ്‍ സംഘടിപ്പിക്കുമെന്നും പറഞ്ഞിരുന്നു. ജൂലൈ 30ഓടെ ഈ ആശയ സമാഹരണ പദ്ധതി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അതിനുശേഷം ഓഗസ്റ്റ് ഒന്ന് മുതല്‍ പത്ത് വരെ ഹാക്കത്തോണ്‍ സംഘടിപ്പിക്കുമെന്നും അതിനെ തുടര്‍ന്ന് തെരഞ്ഞെടുക്കുന്ന പദ്ധതികള്‍ ഓഗസ്റ്റ് 11ന് വെർച്വൽ നിയമസഭയില്‍ സമര്‍പ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം
നവംബര്‍ 15ന് മുമ്പ് സ്വപ്‌ന കേരളം പദ്ധതി പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. മാത്രമല്ല അത് നടപ്പിലാക്കുന്നതിനായി മൂന്ന് തല കമ്മിറ്റികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഓരോ ആശയവും നടപ്പിലാക്കുന്നതിനുള്ള വിദഗ്‌ധ ഉപദേശം നല്‍കുന്നതിന് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഈ കമ്മിറ്റിയില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ ആയ അരുണ്‍ ബാലചന്ദ്രനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സ്വർണക്കടത്തുമായുള്ള ആരോപിത ബന്ധം പുറത്തു വന്നതോടെ അദ്ദേഹത്തെ പദവിയിൽ നിന്നും പുറത്താക്കി.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായി കുറ്റമാരോപിക്കപ്പെട്ട സ്വപ്‌ന സുരേഷിന് വേണ്ടി ഒരു വാടക ഫ്ലാറ്റ് കണ്ടെത്തുന്നതിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സഹായിച്ചത് അരുണ്‍ ബാലചന്ദ്രന്‍ ആണെന്നാണ് ആരോപണം. അതോടെ അരുണിനെ ഡ്രീം കേരള പദ്ധതിയിലെ വിവിധ കമ്മിറ്റികളില്‍ നിന്നും പുറത്താക്കുകയും ചെയ്‌തു.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പദ്ധതി നിർദേശങ്ങളെ മൂല്യനിര്‍ണയം ചെയ്യുന്നതിനു വേണ്ടി മുഖ്യമന്ത്രി ചെയര്‍മാനായും, വിവിധ മന്ത്രിമാരും സ്‌പീക്കറും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഇന്‍ഫോസിസിന്‍റെ മുന്‍ സിഇഒ ആയ എസ്.ഡി ഷിബുലാല്‍, ബൈജു രവീന്ദ്രന്‍, മുരളി തുമ്മാരുകുടി എന്നിവര്‍ അടങ്ങുന്ന ഒരു വിദഗ്‌ധ കമ്മിറ്റിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പദ്ധതി നടപ്പില്‍ വരുത്തുന്നതിനു വേണ്ടി രൂപീകരിച്ച ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോക്‌ടർ കെ.എം എബ്രഹാം ആണ്. എന്നാല്‍ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദം കത്തിപടര്‍ന്നതോടു കൂടി ആസൂത്രണം ചെയ്‌തിരുന്ന പദ്ധതി തടസപ്പെടുകയും സ്വപന കേരള പദ്ധതി ഒരു സ്വപ്‌നമായി മാത്രം അവശേഷിക്കുകയും ചെയ്‌തു.