തിരുവനന്തപുരം: തീപിടിത്തത്തില്‍ വീട് പൂര്‍ണമായി കത്തി നശിച്ചവര്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 75 ശതമാനവും കത്തി നശിച്ച വീടുകള്‍ക്കാണ് ഈ തുക ലഭിക്കുക. ഭാഗികമായി വീട് കത്തി നശിച്ചവര്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കടല്‍ക്ഷോഭത്തില്‍ വള്ളമോ ബോട്ടോ പൂര്‍ണമായി നഷ്ടപ്പെട്ടാല്‍ രണ്ടു ലക്ഷവും വലയോ കട്ടമരമോ പൂര്‍ണമായി നഷ്ടപ്പെട്ടാല്‍ ഒരു ലക്ഷം രൂപയും നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് നഷ്ടപരിഹാരം നല്‍കുക.
കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഇടനാഴി. ഇടനാഴി കൊച്ചിയിലേക്ക് നീട്ടണമെന്ന കേരളത്തിന്റെ അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉത്പാദന ക്ലസ്റ്ററിന്റെ വികസനത്തിനാണ് സ്ഥലം ഏറ്റെടുക്കുക. 1038 കോടി രൂപയാണ് ഇതിന്റെ പ്രതീക്ഷിത ചെലവ്.