തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അടിക്കടി അവർത്തിക്കുന്നതിനിടെ കേരളീയം പരിപാടിക്കുവേണ്ടി കോടികൾ പൊടിക്കാനൊരുങ്ങി സർക്കാർ. പരിപാടിക്ക് 27.12 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി (27 Crore To Keraleeyam- Govt Spending Regardless Of Financial Crisis). നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്താണ് കേരളീയം പരിപാടി നടക്കുക. അടിസ്ഥാന സൗകര്യ വികസനത്തിനെന്ന പേരിൽ ഇതിനായി കിഫ്ബിയിൽ (KIIFB) നിന്നുപോലും പണമെടുത്ത് ചെലവഴിക്കുന്നുണ്ട്. ഇതിന് പുറമെ പരിപാടിയുടെ വിജയത്തിന് സ്പോൺസർമാരിൽ നിന്ന് പണം വാങ്ങുന്നുമുണ്ട്.
സെമിനാറുകൾ, എക്‌സിബിഷൻ, ട്രേഡ് ഫെയർ, ഫുഡ് ഫെസ്റ്റിവൽ, ഫിലിം ഫെസ്റ്റിവൽ, ബുക്ക് ഫെസ്റ്റ്, കൾച്ചറൽ ഫെസ്റ്റ്, ഫ്ലവർ ഷോ, സ്ട്രീറ്റ് ഷോ, കൾച്ചറൽ ഷോ തുടങ്ങി വിപുലമായ പരിപാടികളാണ് കേരളീയം പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എക്‌സിബിഷന് 9.39 കോടി, ദീപാലങ്കാരത്തിന് 2.97 കോടി, സാംസ്‌കാരിക പരിപാടികൾക്ക് 3.14 കോടി, മറ്റ് ആഘോഷ കമ്മിറ്റികൾക്കായി 7.77 കോടി എന്നിങ്ങനെയാണ് ആകെ 27.12 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
പരിപാടിയുടെ സംഘാടനം പ്രോഗ്രാം കമ്മിറ്റിയും 14 സബ് കമ്മിറ്റികളും ചേർന്നാണ്. കേരളപ്പിറവി (Keralapiravi) ദിനമായ നവംബര്‍ ഒന്നുമുതല്‍ സംഘടിപ്പിക്കുന്ന കേരളീയത്തിന്‍റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും 40 വേദികളിലായാണ് അരങ്ങേറുന്നതെന്നും ഇതിൽ അഞ്ച് വേദികളിലായി 140 ഓളം പ്രഭാഷകരുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള 25 സെമിനാറുകൾ നടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan) നേരത്തെ അറിയിച്ചിരുന്നു. കൂടാതെ 9 വേദികളിൽ ട്രേഡ് ഫെയറും, ആറ് വേദികളിലായി ഫ്ലവർ ഷോയും നടക്കും.
ലോകത്തെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരെയും വിദഗ്‌ധരെയും ഉള്‍പ്പെടുത്തി വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം, ഭാവി കേരളത്തിനുള്ള മാര്‍ഗരേഖ തയാറാക്കാനുള്ള ലക്ഷ്യത്തോടുകൂടിയാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. കേരളീയത്തില്‍ വിവിധ തീമുകളിലുള്ള ഒന്‍പത് എക്‌സിബിഷനുകളാണ് സംഘടിപ്പിക്കുന്നത്. പബ്ലിക് പോളിസി ആന്‍ഡ് പ്രോഗ്രസ്, വ്യവസായം, സംസ്‌കാരം, ഇന്നോവേഷന്‍ ആന്‍ഡ് ടാലന്‍റ്സ്, ജ്ഞാന സമ്പദ് വ്യവസ്ഥ തുടങ്ങി നിരവധി വിഷയങ്ങള്‍ എക്‌സിബിഷനുകളില്‍ അവതരിപ്പിക്കപ്പെടും.
Also Read: 'ബിജെപി ചാത്തന്നൂരിൽ ഒഴുക്കിയത് കോടികൾ' ; അന്വേഷണമാവശ്യപ്പെട്ട് കോൺഗ്രസ്
നാല് പ്രധാന വേദികള്‍, രണ്ട് നാടക വേദികള്‍, ഒരു ഗ്രൗണ്ട് വേദി, 11 ചെറിയ വേദികള്‍, 10 തെരുവ് വേദികള്‍ എന്നിവയാണ് കലാപരിപാടികള്‍ക്ക് മാത്രമായി ഒരുക്കുന്നത്. ക്ലാസിക്കല്‍ കലകള്‍, അനുഷ്‌ഠാന കലകള്‍, നാടന്‍ കലകള്‍, ഗോത്ര കലകള്‍, ആയോധന കലകള്‍, ജനകീയ കലകള്‍, മലയാള ഭാഷാസാഹിത്യം, മലയാള സിനിമാസംബന്ധമായ കലാരൂപങ്ങള്‍ തുടങ്ങിയ തീമുകളിലാണ് കലാവിരുന്ന് അരങ്ങേറുക.