പത്തനംതിട്ട: കൊച്ചിയിൽ നിന്നും തട്ടിക്കൊണ്ടുവന്ന യുവാവിനെ അടൂർ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ മർദിച്ചവശനാക്കിയ കേസിൽ മൂന്ന് പേരെ അടൂർ പൊലീസ് പിടികൂടി. കൊച്ചി ഇൻഫോപാർക്ക് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് അറസ്റ്റ്. കൊല്ലം കുണ്ടറ സ്വദേശി പ്രതീഷ്, ആറ്റിങ്ങൽ സ്വദേശി അക്ബർ ഷാൻ, അടൂർ സ്വദേശി വിഷ്‌ണു എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
ക്രൂരമായ മർദനത്തിൽ പരിക്കേറ്റ ലെബിൻ വർഗീസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് അവിടുത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ ലഭ്യമാക്കി. ഭാര്യയുമൊത്ത് കാറിൽ സഞ്ചരിച്ചുവന്ന ലെബിനെ ഇൻഫോപാർക്കിന് അടുത്തുവച്ച് ആക്രമിച്ച്, ഭാര്യയെ വഴിയിൽ ഇറക്കിവിട്ടശേഷം അതേ കാറിൽ പ്രതികൾ തട്ടിക്കൊണ്ടുവരികയായിരുന്നു. യുവാവിന്‍റെ ഭാര്യയുടെ പരാതിയിൽ കേസെടുത്ത ഇൻഫോപാർക്ക് പൊലീസ്, ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ അടൂരിൽ ഇവരുണ്ടെന്ന് തിരിച്ചറിഞ്ഞു.
വിവരമറിഞ്ഞ അടൂർ പൊലീസ് നഗരത്തിലെ മുഴുവൻ ഹോട്ടലുകളും ലോഡ്‌ജുകളിലും ഒഴിഞ്ഞ ഗ്രൗണ്ടുകളിലും വാടകവീടുകളിലും അന്വേഷണം നടത്തിയിരുന്നു. പിന്നീട് പൊലീസ് സംഘത്തിന് തോന്നിയ ചെറിയ സംശയമാണ് ഇന്നലെ വൈകിട്ടോടെ റസ്റ്റ് ഹൗസിൽ എത്തി പ്രതികളെ കുടുക്കാൻ കാരണമായത്. സ്ഥലത്ത് നിന്ന് കാറും പൊലീസ് കണ്ടെടുത്തു.
ഇന്നലെ രാത്രിയോടെ ഇൻഫോ പാർക്ക് പൊലീസിന് ഇവരെ കൈമാറി. അടൂർ സ്വദേശികളായ അശ്വിൻ പിള്ള, ഗോകുൽ എന്നിവർ കൂടി സംഘത്തിലുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ഇവർ ഒളിവിലാണ്. വിഷ്‌ണുവിന്‍റെ സുഹൃത്തിന്‍റെ കാർ ലെബിൻ വാടകയ്‌ക്ക് എടുത്തശേഷം തിരിച്ചുകൊടുക്കാത്തതിന്‍റെ പേരിൽ തട്ടിക്കൊണ്ടുവന്ന് മർദിച്ച് അവശനാക്കുകയായിരുന്നു.
അടൂർ ഡിവൈഎസ്‌പി ആർ ബിനുവിന്‍റെ നിർദേശപ്രകാരം പൊലീസ് ഇൻസ്‌പെക്‌ടർ ടി ഡി പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്ന് കൊച്ചി ഇൻഫോ പാർക്ക് പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അടൂർ പൊലീസ് സംഘത്തിൽ പൊലീസ് ഇൻസ്‌പെക്‌ടറെ കൂടാതെ സിപിഒമാരായ സൂരജ് ആർ കുറുപ്പ്, റോബി ഐസക്, നിസാർ എം എന്നിവരാണ് ഉണ്ടായിരുന്നത്.