പത്തനംതിട്ട: കനത്ത മഴയിൽ ആറ്റിലൂടെ മലവെള്ളത്തിന്‍റെ കുത്തൊഴുക്കിനിടയില്‍ തടിപിടിത്തവുമായി ഇറങ്ങിയ യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സീതത്തോട് കക്കാട്ടാറ്റിലെ കുത്തൊഴുക്കിൽ പാഞ്ഞുവരുന്ന തടിപിടിക്കുന്ന മൂന്നു യുവാക്കളുടെ വീഡിയോയാണ് പ്രചരിക്കുന്നത്. കോട്ടമണ്‍പാറ സ്വദേശികളായ മൂന്നംഗ സംഘമാണ് തടിപിടിക്കുന്നത്.
തിങ്കളാഴ്‌ച (01.08.2022) ഉച്ചയോടെയാണ് സംഭവം. കനത്ത മഴയിൽ കടപുഴകിയ വൻ മരങ്ങളാണ് മലവെള്ളപ്പച്ചിലിൽ ഒഴുകി വരുന്നത്. ഇങ്ങനെ വരുന്ന കൂറ്റൻ മരങ്ങളാണ് കരയിൽ നിന്നും ആറ്റിലെ കുത്തൊഴുക്കിലേക്ക് ചാടി യുവാക്കൾ തടഞ്ഞു പിടിക്കുന്നത്.
വലിയ മരത്തടിയുടെ മുകളില്‍ ഇരുന്ന് യുവാക്കൾ ആറ്റിലൂടെ പോകുന്നത് വീഡിയോയിൽ കാണാം. തടി കരയ്ക്കടുപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാക്കൾ തടി ഉപേക്ഷിച്ച് കരയിലേക്കു നീന്തിക്കയറി. ജീവൻ പണയപ്പെടുത്തി യുവാക്കൾ നടത്തുന്ന തടിപിടിത്തതിനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്.
കനത്ത മഴയുടെ പാശ്ചാത്തലത്തിൽ ജില്ല ഭരണകൂടം ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിന് വിരുദ്ധമായ പ്രവർത്തിയാണ് യുവാക്കൾ നടത്തിയിരിക്കുന്നത്. ഇത് കണ്ട് മറ്റുള്ളവരും ഇത്തരം അപകടകരമായ പ്രവൃത്തിയിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ യുവാക്കൾക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉയരുന്നുണ്ട്.