പത്തനംതിട്ട: പ്രളയം തകർത്തെറിഞ്ഞ ക്ഷീര മേഖല അതിൽനിന്നും കരകയറി വരുമ്പോഴാണ് കൊവിഡ് പിടിമുറുക്കുന്നത്. മറ്റൊരു ലോക ക്ഷീര ദിനം കൂടി കടന്നു വരുമ്പോൾ ക്ഷീരമേഖലയും ക്ഷീരകര്‍ഷകരും കടുത്ത പ്രതിസന്ധിക്ക് നടുവിലൂടെയാണ് കടന്നു പോകുന്നത്. ഇത്തരം പ്രതിസന്ധികൾക്കിടയിലൂടെ കടന്നു പോകുന്ന ഒരു ക്ഷീരകർഷകനാണ് പത്തനംതിട്ട ജില്ലയിലെ പറന്തൽ സ്വദേശിയായ പ്രകാശ് പ്ലാവിളയിൽ. ഓൾ കേരള മിൽക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ(എ.കെ.എം.പി.എ ) പത്തനംതിട്ട ജില്ലാ പ്രസിഡന്‍റുd കൂടിയാണ് അദ്ദേഹം.
കഴിഞ്ഞ പതിനേഴ് വർഷമായി ക്ഷീരകർഷകനാണ് പ്രകാശ്. നാൽപ്പത് പശുക്കളാണ് ഇന്ന് പ്രകാശിന്‍റെ ഫാമിലുള്ളത്. പശുക്കളുടെ പരിചരണത്തിനായി മൂന്നു ജോലിക്കാരുമുണ്ട്. ഇതിൽ ഇരുപതു കറവപ്പശുക്കളിൽ നിന്നും ഒരു ദിവസം ഇരുന്നൂറ്റി മുപ്പതു ലിറ്റർ പാലും ലഭിക്കും. എന്നാൽ ഉത്‌പാദന ചെലവിൽ അടിക്കടിയുണ്ടാകുന്ന വർധനവ്, പ്രളയം, കൊവിഡ് എന്നിവയെല്ലാം ക്ഷീരകർഷകരെ വല്ലാതെ പ്രതിസന്ധിയിൽ ആക്കുകയാണെന്നാണ് പ്രകാശ് പറയുന്നത്.
ഒരു ലിറ്റര്‍ പാലിന് 42 രൂപ 50 പൈസയോളം ഉത്‌പാദന ചെലവ് വരുന്നുണ്ടെന്ന് മില്‍മ നിയോഗിച്ച കമ്മിറ്റി തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഒരു ലിറ്റർ പാലിന് മിൽമ ക്ഷീരകർഷകർക്ക് നൽകുന്ന ശരാശരി തുക 37 രൂപ 50 പൈസയാണ്. ഉത്‌പാദന ചെലവും വരവും തമ്മിലുള്ള അന്തരം ക്ഷീരകർഷകരെ നഷ്‌ടത്തിലേക്കാണ് തള്ളിവിടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പാൽ ഉത്‌പാദന ചെലവില്‍ 40 ശതമാനത്തിലേറെ വര്‍ധനവാണ് വന്നിരിക്കുന്നത്. 2017 ലാണ് അവസാനമായി സംസ്‌ഥാനത്ത് മില്‍മ പാല്‍വില വര്‍ധിപ്പിച്ചത്. 50 കിലോയുടെ കാലിത്തീറ്റയ്‌ക്ക് അന്ന് 960 രൂപയായിരുന്നു വില. ഇന്ന് അത് 1325 രൂപയിൽ അധികമായി ഉയർന്നു. ഇതിനൊപ്പം വൈക്കോലിനും വില കുത്തനെ ഉയർന്നു. കൊവിഡ് മൂലം പച്ചപ്പുല്ല് ഉൾപ്പെടെ തീറ്റ ശേഖരണവും കർഷകരെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.
കാലിത്തീറ്റ ഉൾപ്പെടെയുള്ളവയുടെ വില ഗണ്യമായി കുറയ്‌ക്കാൻ നടപടിയുണ്ടാകണം, അല്ലെങ്കിൽ ഒരു ലിറ്റർ പാലിന് ക്ഷീരകർഷകന് 60 രൂപയെങ്കിലും കിട്ടിയില്ലെങ്കിൽ കർഷകർ ഈ മേഖല ഉപേക്ഷിക്കുന്ന അവസ്ഥയുണ്ടാകുമെന്ന് ക്ഷീരകർഷകനായ പ്രകാശ് പറയുന്നു. ക്ഷീരോത്‌പാദന മേഖലയിൽ ഉത്തരവാദിത്വ മൃഗസംരക്ഷണ ചികിത്സാ സംവിധാനം നടപ്പിലാക്കണം. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്‍റ് ബോർഡിന്‍റെ ബ്രീഡിങ് പോളിസിക്കു മാറ്റം വരുത്തണമെന്നതും ക്ഷീര കർഷകർ ഉന്നയിക്കുന്ന ആവശ്യമാണെന്ന് പ്രകാശ് വ്യക്തമാക്കി. ക്ഷീരകർഷകർ നേരിടുന്ന ഇത്തരം നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് 2017ൽ ഓൾ കേരള മിൽക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (എ.കെ.എം.പി.എ) എന്ന ക്ഷീരകർഷക കൂട്ടായ്‌മയ്‌ക്ക് രൂപം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.