പത്തനംതിട്ട: കുറ്റൂരിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കുറ്റൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ചിറ്റയ്ക്കാട്ട് ഭാഗത്താണ് കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതായി കർഷകരുടെ പരാതി ഉയരുന്നത്. തിങ്കാളാഴ്ച രാത്രിയിൽ മാത്രം പ്രദേശത്തെ ഒരേക്കറിലധികം വരുന്ന രണ്ട് കൃഷിയിടങ്ങളിലെ വിളകൾ കാട്ടുപന്നികൾ നശിപ്പിച്ചു. ചിറ്റയ്ക്കാട്ട് ചന്ദ്രഭവനിൽ ഈസ്റ്റ്മാൻ ജയചന്ദ്രൻ, രാധാ ഭവനിൽ രാധാകൃഷ്ണ കുറുപ്പ് എന്നിവരുടെ കൃഷിയാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്.
വാഴ, കപ്പ, ചേമ്പ്, ചേന തുടങ്ങിയ വിളകളാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. കാട്ടു പന്നി ശല്യം രൂക്ഷമായിരിക്കുന്നത് കർഷകർക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രദേശത്തെ കാട്ടുപന്നി ശല്യം സംബന്ധിച്ച് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചതായി കുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലേഖ രഘുനാഥ് പറഞ്ഞു.