പത്തനംതിട്ട: 'വിദ്യാ വിനോദം' പദ്ധതിയുമായി പത്തനംതിട്ട ജില്ലാപഞ്ചായത്ത്. കഴിഞ്ഞ കുറെ വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ ഒന്നാമത് എത്തുന്ന ജില്ല, ഹയർ സെക്കന്ററി പരീക്ഷയിൽ സംസ്ഥാനത്ത് പതിനാലാം സ്ഥാനത്താകുന്ന അവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് 'വിദ്യാ വിനോദം' പദ്ധതി ആവിഷ്ക്കരിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമൻ കൊണ്ടൂരാണ് പദ്ധതികൾക്ക് നേതൃത്വം നല്‍കുന്നത്.
പദ്ധതിയ്‌ക്ക് അയിരൂർ രാമേശ്വരം ഹയർ സെക്കന്‍ററി സ്കൂളില്‍ തുടക്കമായി. ഈ വർഷത്തെ ഹയർ സെക്കന്‍ററി പരീക്ഷയ്‌ക്ക് ശേഷിക്കുന്ന അമ്പതോളം ദിവസങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി നൂറ് ശതമാനം വിജയം നേടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പിന്നീട് ജില്ലയിലെ എല്ലാ ഹയര്‍ സെക്കന്‍ററി സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. ഹയർസെക്കന്‍ററി പരീക്ഷയിൽ പരാജയപ്പെട്ട് പഠനം നിർത്തിയ വിദ്യാർഥികളുടെ വീടുകളിലെത്തി അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുക, വിദ്യാർഥികളുടെ പഠനം പുനരാരംഭിക്കുക, വിനോദത്തിലൂടെ വിദ്യാർഥികളെ പഠനത്തിലേക്ക് ആകർഷിക്കുക, പരീക്ഷയ്‌ക്കായി വിദ്യാർഥികളെയും രക്ഷകർത്താക്കളെയും ഒരു പോലെ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രശസ്ത കരിയർ ഗൈഡൻസ് ട്രെയിനർ ബെന്നി കുര്യൻ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും പ്രത്യേക പരിശീലനം നൽകി. സ്‌കൂൾ പ്രിൻസിപ്പല്‍ പ്യാരീ നന്ദിനി, എച്ച്എം ഗീത, ആര്‍.രമാദേവി, ഹരി തുടങ്ങിയവർ പങ്കെടുത്തു.