പത്തനംതിട്ട: ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ചരിത്രകാരൻമാർ വിളിക്കുന്ന കാലഘട്ടത്തിനും അരനൂറ്റാണ്ട് മുൻപ് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സമരാഗ്നി കൊളുത്തിയ ധീര യോദ്ധാവ് ചെമ്പകരാമൻ വേലുത്തമ്പി ദളവ. പിറന്ന നാടിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാട്ടം തുടരുമ്പോൾ, തന്‍റെ ഒളിസങ്കേതം ബ്രിട്ടീഷ് സൈന്യം വളഞ്ഞിരിക്കുന്നു എന്ന് മനസിലാക്കി, അവർക്ക് പിടികൊടുക്കാതെ സ്വന്തം ഉടവാളൂരി ആത്മാഹുതി ചെയ്‌ത ഭാരതത്തിന്‍റെ ധീരപുത്രൻ. ആ ചരിത്ര നിമിഷങ്ങൾ എല്ലാം നടന്നത് പത്തനംതിട്ട ജില്ലയിലെ മണ്ണടി ദേശത്തായിരുന്നു.
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമകൾ നിറയുന്ന മണ്ണാണ് മണ്ണടിയുടേത്. 1967 മെയ് 6ന് തമിഴ്‌നാട്ടിലെ തലക്കുളത്താണ് വേലുത്തമ്പിയുടെ ജനനം. 1857 ൽ ബ്രിട്ടീഷുകാർക്കെതിരായി നടന്ന സമരത്തെയാണ് ചരിത്രകാരന്മാർ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിളിക്കുന്നത്.
എന്നാൽ, 37-ാം വയസിൽ തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പി 'കുണ്ടറ വിളംബര'ത്തിലൂടെയാണ് ബ്രിട്ടീഷുകാർക്കെതിരെ സമരാഗ്നി കൊളുത്തിയത്. നാട്ടിൽ ക്രമസമാധാനം പരിപാലിച്ച് വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കിയുള്ള വേലുത്തമ്പിയുടെ ജനകീയ പ്രവർത്തനങ്ങളും കുണ്ടറ വിളംബരവും, വേലുത്തമ്പിയെ ബ്രിട്ടീഷുകാരുടെ ശത്രുവാക്കാൻ അധിക കാലം വേണ്ടിവന്നില്ല. 1805ൽ വേലുത്തമ്പി തിരുവിതാംകൂർ ദളവയായിരിക്കെ, രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരം റസിഡന്‍റിന് ലഭിക്കുന്ന തരത്തിൽ തിരുവിതാംകൂറിലെ രാജാവുമായി ബ്രിട്ടീഷുകാർ ഒരു ഉടമ്പടി ഒപ്പുവച്ചു.
ഇതിന്‍റെ ഫലമായി തിരുവിതാംകൂറിന്‍റെ ഭരണകാര്യങ്ങളിൽ മെക്കാളെ പ്രഭു ഇടപെടാൻ ആരംഭിച്ചു. കമ്പനിക്ക് നൽകാനുള്ള കപ്പം ഉടൻ അടച്ചുതീർക്കണമെന്നത് ഉൾപ്പെടെ പ്രതികാര നടപടികൾ തുടങ്ങി. ഇതിന് പുറമെ ഭാരിച്ച നികുതി കുടിശ്ശിക വരുത്തിവച്ച മാത്തുതരകന്‍റെ വസ്‌തുക്കൾ കണ്ടുകെട്ടാനുള്ള വേലുത്തമ്പി ദളവയുടെ ഉത്തരവ് മെക്കാളെ റദ്ദാക്കി.
തിരുവിതാംകൂറിന്‍റെ സ്വാതന്ത്ര്യം ഹനിയ്‌ക്കുന്ന കമ്പനിക്കെതിരെ സായുധ സമരം എന്ന ആഹ്വനവുമായാണ് വേലുത്തമ്പി മുന്നോട്ടു നീങ്ങിയത്. വേലുത്തമ്പി ഇതിനുള്ള തന്ത്രങ്ങൾ നീക്കി. മെക്കാളെയുമായി ശത്രുത വച്ചുപുലർത്തിയിരുന്ന കൊച്ചിയിലെ പ്രധാനമന്ത്രിയായ പാലിയത്തച്ചനുമായി വേലുത്തമ്പി ദളവ ഒരു രഹസ്യധാരണയിലെത്തി.
മൗറീഷ്യസിലെ ഫ്രഞ്ചുകാരുമായും കോഴിക്കോട്ടെ സാമൂതിരിയുമായും അവർ രഹസ്യമായി ബന്ധപ്പെട്ടു. ബ്രിട്ടീഷ് കമ്പനിയ്‌ക്കെതിരെയുള്ള സമരത്തിൽ പിന്തുണ നൽകണമെന്ന് അഭ്യർഥിച്ചു. 1808 ൽ ഇരുവരുടെയും നേതൃത്വത്തിലുള്ള സൈന്യം മെക്കാളെയുടെ കൊച്ചിയിലെ വസതി ആക്രമിച്ചു.
വസതി ആക്രമിച്ചതോടെ റസിഡന്‍റ് ഒരു ബ്രിട്ടീഷ് കപ്പലിൽ രക്ഷപ്പെട്ടു. ഇതിനിടെയാണ് വേലുത്തമ്പി കൊല്ലം കുണ്ടറയിലെത്തുന്നത്. രാജ്യത്തെ ഇല്ലാതാക്കാനെത്തിയ ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ അണിചേരാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌തുകൊണ്ട് വേലുത്തമ്പി 1809 ജനുവരി 11 നടത്തിയ വിളംബരമാണ് പ്രശസ്‌തമായ കുണ്ടറ വിളംബരം.
ഇതിനിടെ ബ്രിട്ടീഷ് സൈന്യം കൊച്ചി ആക്രമിച്ചു. ഇതോടെ പാലിയത്തച്ചൻ ബ്രിട്ടീഷുകാരുമായി സന്ധിയുണ്ടാക്കി സമരത്തിൽ നിന്നും പിന്മാറി. തിരുവിതാംകൂർ രാജാവിനെ ബ്രിട്ടീഷുകാർ ഭീഷണിപ്പെടുത്തി അവരുടെ വരുതിയിലുമാക്കി.
ബ്രിട്ടീഷുകാരുടെ ഭീഷണിക്ക് വഴങ്ങിയ രാജാവ് വേലുത്തമ്പിയെ സ്ഥാനഭ്രഷ്‌ടനാക്കി ഉമ്മിണിത്തമ്പിയെ പുതിയ ദളവയായി നിയമിക്കുകയും ചെയ്‌തു. വേലുത്തമ്പിയെ പിടികൂടാൻ ഉമ്മിണിത്തമ്പി ഉത്തരവിട്ടു. വേലുത്തമ്പിയെ പിടിച്ചുകൊടുക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചു.
എല്ലാവരാലും വഞ്ചിക്കപ്പെട്ട വേലുത്തമ്പി ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ പോരാട്ടം തുടരാൻ ഒരു അഭയകേന്ദ്രം തേടിയാണ് കൊല്ലം പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്ന മണ്ണടിയിലെത്തിയത്. മണ്ണടിയിൽ കല്ലടയാറിന്‍റെ തീരത്ത് അത്ഭുത സിദ്ധികൾ ഉള്ള കാമ്പിത്താൻ എന്ന ഒരാൾ ഉണ്ടായിരുന്നുവെന്നും യുദ്ധതന്ത്രങ്ങൾ അദ്ദേഹത്തിൽ നിന്നും സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ണടിയിൽ ഏത്തിയത് എന്നുള്ള കഥകൾ ചരിത്രവും ഐതിഹ്യവും ഇഴ ചേരുന്നതാണ്. മണ്ണടിയിൽ എത്തിയ വേലുത്തമ്പിയുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചിരുന്ന ചാരന്മാർ വേലുത്തമ്പിയുടെ അഭയസ്ഥാനം ഒറ്റിക്കൊടുത്തു.
തിരുവിതാംകൂർ-ബ്രിട്ടീഷ് സേനകൾ സംയുക്തമായി മണ്ണടിയിൽ വേലുത്തമ്പി കഴിഞ്ഞിരുന്ന വീട് വളഞ്ഞു. ഇത് മനസിലാക്കിയ ആ ധീര യോദ്ധാവ് തന്‍റെ ഉടവാൾ ഊരി ആത്മാഹുതി ചെയ്‌തു. ബ്രിട്ടീഷ് പട്ടാളത്തിന് പിടികൊടുത്ത് ജീവൻ വെടിയാൻ ഒരുക്കാമായിരുന്നില്ല ധീര ദേശാഭിമാനി വേലുത്തമ്പി ദളവ.
രാജ്യസ്നേഹത്തിന്‍റെ ജ്വലിക്കുന്ന ഓർമകളുമായി പുതു തലമുറയ്‌ക്കും ആവേശം നൽകി മണ്ണടിയുടെ മണ്ണിൽ തലയുയർത്തി നിൽക്കുകയാണ് ചെമ്പകരാമൻ വേലുത്തമ്പി ദളവ. വേലുത്തമ്പി ദളവ സ്‌മാരകവും മ്യൂസിയവും കാണാൻ സ്വദേശികളും വിദേശികളുമെല്ലാം എത്തിച്ചേരുന്നു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ പുരാവസ്‌തുക്കളാൽ സമ്പന്നമാണ് മ്യൂസിയം.