പത്തനംതിട്ട: വീണ ജോർജ് മിടുക്കിയായ മന്ത്രിയാണെന്നും വീണ ചെയ്യുന്നതെല്ലാം കുറ്റമാണെന്ന് കണ്ടെത്തുന്ന രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം പത്തനംതിട്ട യുണിയന്‍റെ നേതൃത്വത്തിൽ ജില്ലയില്‍ നടന്ന ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ ജോര്‍ജ് വേദിയിലിരിക്കവെയാണ് വെള്ളപ്പാള്ളിയുടെ പ്രശംസ.
വേദിയിലുണ്ടായിരുന്ന കോന്നി എംഎൽഎ കെയു ജനീഷ് കുമാറിനെയും വെള്ളാപ്പള്ളി പ്രകീര്‍ത്തിച്ചു. ജനീഷ് ജനകീയനായ എംഎൽഎയാണെന്നും അദ്ദേഹത്തെ ഇനി തകർക്കാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുന്നാക്കക്കാരിലെ പിന്നാക്ക സംവരണത്തിനെതിരെയും വെള്ളാപ്പള്ളി രംഗത്തെത്തി. പിന്നാക്കക്കാരെ വീണ്ടും പിന്നോട്ടടിക്കുന്നതാണ് മുന്നാക്ക സംവരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മറ്റു സമുദായങ്ങൾ സംഘടിച്ചാൽ നീതി കിട്ടും. എന്നാൽ, ഈഴവർ സംഘടിച്ചാൽ ജാതി പറയുന്നു എന്ന് തെറ്റിദ്ധാരണ പരത്തുകയാണ്. വിദ്യാഭ്യാസ മേഖലയിൽ നീതി കിട്ടുന്നില്ല. ഈഴവ സമുദായ അംഗകൾക്ക് തൊഴിലുറപ്പ് മാത്രമാണ്. പേവിഷ ബാധയുൾപ്പെടെ വിഷയങ്ങളില്‍ പ്രതിപക്ഷമടക്കം ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയെ പുകഴ്ത്തികൊണ്ടുള്ള വെള്ളാപ്പള്ളിയുടെ പ്രസംഗം.