പത്തനംതിട്ട: കോന്നി താലൂക്ക് ഓഫിസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ സംഭവത്തിൽ കെ.യു ജനീഷ് കുമാർ എംഎൽഎയെ ന്യായീകരിച്ചു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാർ വരുമാനത്തിന്‍റെ പകുതിയോളം ശമ്പളത്തിനും പെൻഷനും ആയാണ് ചിലവഴിക്കുന്നതെന്നും ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു പോകുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു. ശമ്പളം കൊടുക്കാതെ വന്നാൽ നാട്ടിലെ സ്ഥിതി എന്താകുമെന്നും സംഭവത്തിൽ ശരിയെന്നു തോന്നിയതാണ് ജനീഷ് കുമാർ വിളിച്ചു പറഞ്ഞതെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
പിന്തുണ വേദിയിലിരുത്തി: റാന്നി മാടമൺ ശ്രീ നാരായണ കൺവെൻഷന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. ജനീഷ് കുമാർ എംഎൽഎയും വേദിയിലുള്ളപ്പോഴാണ് വിഷയത്തിൽ വെള്ളാപ്പള്ളി എംഎൽഎയെ ന്യായീകരിച്ചു സംസാരിച്ചത്. അതേസമയം കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ ഇന്ന് തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നു.
വാദ പ്രതിവാദങ്ങള്‍ ഇങ്ങനെ: ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തത് വിനോദയാത്രക്ക് പോയ നടപടിയെ കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ മുമ്പ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യാത്രക്കായി ഇവര്‍ തെരഞ്ഞെടുത്തത് ക്വാറി ഉടമയുടെ ബസാണെന്നും എംഎൽഎ ആരോപിച്ചിരുന്നു. മാത്രമല്ല ഇതിനിടയാക്കിയ സാഹചര്യം പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് വിഷയത്തില്‍ ഇടപെടാന്‍ എംഎല്‍എയ്‌ക്ക് അധികാരം നല്‍കിയതരാണെന്ന എഡിഎമ്മിന്‍റെ ചോദ്യത്തിന് മരണ വീട്ടില്‍ പോകുന്നതും കല്യാണം കൂടുന്നതും മാത്രമല്ല എംഎല്‍എയുടെ ജോലിയെന്നും ജനീഷ് കുമാര്‍ തിരിച്ചടിച്ചിരുന്നു.
നാടകമെന്ന പരിഹാസം: സംഭവം വിവാദമായതോടെ കെ.യു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ അധിക്ഷേപവുമായുള്ള കോന്നി ഡെപ്യൂട്ടി തഹസിൽദാറുടെ വാട്‌സ്‌ആപ്പ് ചാറ്റ് പുറത്തുവന്നിരുന്നു. കാലുവയ്യാത്ത ആളെ കാശ് കൊടുത്ത് വിളിച്ചുവരുത്തി മുൻകൂട്ടി തിരക്കഥ എഴുതിയ നാടകത്തിൽ എംഎല്‍എ നിറഞ്ഞാടിയതാണെന്നായിരുന്നു ഡെപ്യൂട്ടി തഹസിൽദാര്‍ രാജേഷിന്‍റെ ആക്ഷേപം. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെ കസേരയിൽ കയറിയിരുന്ന് എംഎൽഎയ്ക്ക് ഇത്തരം പ്രഭാഷണം നടത്താൻ അധികാരമുണ്ടോ എന്നും ഡെപ്യൂട്ടി തഹസിൽദാര്‍ ഔദ്യോഗിക വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ചോദിച്ചിരുന്നു.
സേവനം കിട്ടാതെ ജനങ്ങള്‍ താലൂക്ക് ഓഫിസില്‍ തടിച്ചുകൂടിയെന്ന് എംഎല്‍എ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്നും സംഭവം നടക്കുമ്പോള്‍ പത്തുപേര്‍ പോലും ഓഫിസിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാത്രമല്ല താന്‍ പറയുന്നത് തെറ്റാണെന്ന് തെളിയിച്ചാല്‍ ജോലി തന്നെ രാജിവയ്‌ക്കുമെന്നും ഡെപ്യൂട്ടി തഹസിൽദാര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.