പത്തനംതിട്ട: നാലു പതിറ്റാണ്ട് കാലമായി കുടിവെള്ളത്തിനായി വലഞ്ഞിരുന്ന വളവനാരിക്കാർക്ക് ആശ്വാസമായി കുടിവെള്ളമെത്തി. പത്തനംതിട്ട- ആലപ്പുഴ ജില്ലകളുടെ അതിർത്തി പ്രദേശവും തിരുവല്ല പെരിങ്ങര പഞ്ചായത്തിലെ 15-ാം വാർഡിൽ ഉൾപ്പെടുന്നതുമായ വളവനാരി ഭാഗത്ത് പതിറ്റാണ്ടുകളായി നീണ്ടു നിന്ന കുടിവെള്ള പ്രശ്നത്തിനാണ് കഴിഞ്ഞ ദിവസം മുതൽ പരിഹാരമായത്. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 29 ലക്ഷം രൂപ ഉപയോഗിച്ച് ചാത്തങ്കരി ഇളവനാരി പടി മുതൽ വളവനാരി വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് പ്രദേശത്ത് വെള്ളമെത്തിച്ചിരിക്കുന്നത്. കുടിവെള്ള പ്രശ്നം രൂക്ഷമായിരുന്ന മാനാകേരി നിവാസികൾക്കും ഈ പദ്ധതി പ്രയോജനപ്പെടും. ഇതോടെ നാൽപതോളം കുടുംബങ്ങൾക്കാണ് കുടിവെള്ളം ലഭ്യമാകുക.
1985 വരെ ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്ന വളവനാരി 1985- 88ലാണ് പത്തനംതിട്ട ജില്ലയുടെ ഭാഗമായി മാറിയത്. പ്രദേശം പത്തനംതിട്ടയിൽ ഉൾപ്പെട്ടതോടെ ആലപ്പുഴ ജില്ലയിൽ നിന്നും നടത്തിയിരുന്ന കുടിവെള്ള വിതരണം കാലക്രമേണ നിലച്ചു. ഇതേ തുടർന്ന് കാലവർഷക്കാലത്ത് പോലും ശുദ്ധജലം ലഭിക്കാതിരുന്ന സാഹചര്യത്തിൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വളവനാരി നിവാസികൾ വിവിധ സമര പരിപാടികളും കാലങ്ങളായി നടത്തിയിരുന്നു. ഇതിനിടെയാണ് പ്രദേശവാസികൾക്ക് ആശ്വാസമേകി കുടിവെള്ള പദ്ധതി പൂർത്തിയായിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ നിർവഹിച്ചു. പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മിനിമോൾ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് രാജൻ വർഗീസ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. സതീഷ് ചാത്തങ്കരി, വാർഡ് മെമ്പർ ആനി ഏബ്രഹാം എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.