പത്തനംതിട്ട: പതിനഞ്ച് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിന തടവും 3,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പന്നിവിഴ സ്വദേശിയായ പ്രകാശ് കുമാറിനാണ് (43) അടൂര്‍ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷ വിധിച്ചത്. പിഴ തുക അടയ്‌ക്കാത്ത പക്ഷം പ്രതി മൂന്ന് വര്‍ഷവും എട്ട് മാസവും അധിക തടവ് അനുഭവിക്കണം. സ്‌പെഷല്‍ കോടതി ജഡ്‌ജ് എ. സമീറാണ് ശിക്ഷ വിധിച്ചത്.
2020ലാണ് കേസിനാസ്‌പദമായ സംഭവം. കുട്ടിയുടെ കുടുംബത്തിന് വാടക വീട് എടുത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പരിചയത്തിലാണ് ഇയാള്‍ കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. വാടക വീട്ടില്‍ വച്ചും കുട്ടിയുടെ അമ്മ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ആശുപത്രിയില്‍ വച്ചുമാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.
ആശുപത്രിയില്‍ അമ്മയ്‌ക്ക് കൂട്ടിരിപ്പുകാരനായി കുട്ടി തനിച്ചായിരുന്നു. അതുകൊണ്ട് മുറിയില്‍ തനിച്ചായിരുന്ന കുട്ടിയെ ശ്രദ്ധിക്കണമെന്ന് അമ്മ നഴ്‌സുമാരോട് പറഞ്ഞിരുന്നു. കുട്ടിക്ക് കൂട്ടിനാണെന്ന് പറഞ്ഞ് മുറിയില്‍ കയറിയ പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. മുറിയില്‍ വാതില്‍ ഏറെ നേരം അടച്ചിട്ടതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ വാതില്‍ മുട്ടിയെങ്കിലും തുറന്നില്ല.
രാത്രി മുഴുവന്‍ ഇയാള്‍ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തിന് പിന്നാലെ കുട്ടി കുടുംബത്തോട് ഇക്കാര്യം വെളിപ്പെടുത്തി. കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുടുംബം അടൂര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി പലതവണ പീഡനത്തിന് ഇരയായതായി കണ്ടെത്തി.
ഇന്ത്യ ശിക്ഷ നിയമത്തിലെ പോക്‌സോ അടക്കമുള്ള വിവിധ വകുപ്പുകളും പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രതിയില്‍ നിന്നും ഈടാക്കുന്ന പിഴ തുക ഇരയ്‌ക്ക് നല്‍കണമെന്ന് വിധിന്യായത്തില്‍ കോടതി നിര്‍ദേശിച്ചു.