പത്തനംതിട്ട: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കല്ലൂപ്പാറ കടമാന്‍കുളം അഞ്ചാംകുഴിയില്‍ വീട്ടില്‍ രാജപ്പന്‍റെ മകന്‍ എ.ആര്‍.രാജീവ്(31), പുത്തന്‍പുരയില്‍ വീട്ടില്‍ രാഘവന്‍റെ മകന്‍ സുനില്‍ (35) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് സാരമായ പരിക്കുകളുണ്ട്.
ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ ടി.കെ. റോഡിൽ കറ്റോട് പാലത്തിന് സമീപമായിരുന്നു അപകടം. തോട്ടഭാഗം ഭാഗത്ത് നിന്നും തിരുവല്ലയിലേക്ക് ബൈക്കിൽ വരുകയായിരുന്നു ഇരുവരും. കറ്റോഡ് പാലത്തിന് സമീപത്തെ വളവിൽ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വെണ്ണിക്കുളം കൊച്ചേരിൽ ഷെറിൻ ടി.എബ്രഹാം സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്. മരിച്ച രാജീവ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ ഷെറിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. ഇരുവരുടെയും സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നടക്കും.