പത്തനംതിട്ട : അടൂർ കെപി റോഡിൽ സിമന്‍റ് കയറ്റി വന്ന ചരക്ക് ലോറിയ്ക്കടിയിൽപെട്ട് ബൈക്ക് യാത്രികനായ പത്തൊൻപതുകാരന് ദാരുണാന്ത്യം. പന്തളം കുരമ്പാല തെക്ക് തച്ചൻകോട്ട് മേലേതിൽ വർഗീസിൻ്റെ മകൻ ബിനിൽ വർഗീസ് ആണ് മരിച്ചത്. ലോറിയുടെ പിൻ ചക്രം കയറി ബിനിലിന്‍റെ ശരീരം ചതഞ്ഞരഞ്ഞു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കെ പി റോഡിൽ പതിനാലാം മൈൽ ജംഗ്ഷന് സമീപമായിരുന്നു അപകടം. തിരുനൽവേലിയിൽ നിന്നും വണ്ടാനത്തേക്ക് സിമൻ്റുമായി പോയ തമിഴ്‌നാട് രജിസ്ട്രേഷൻ ചരക്ക് ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന പെട്ടി ഓട്ടോയിൽ തട്ടി ബിനിൽ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ലോറിയുടെ അടിയിൽപ്പെട്ട ബിനിലിനെയും വലിച്ചുകൊണ്ട് 20 മീറ്ററോളം മുന്നോട്ടുപോയ ശേഷമാണ് വാഹനം നിർത്തിയത്. അടൂരില്‍ നിന്ന് കടുമാംകുളത്തുള്ള വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് ബിനിൽ അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് സ്വദേശി അയൂബിൻ്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ലോറി. തമിഴ്‌നാട് സ്വദേശി പ്രസാദ് ആണ് വാഹനം ഓടിച്ചിരുന്നത്. ഫയർ ഫോഴ്‌സ് എത്തി പുറത്തെടുത്ത മൃതദേഹം ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.