പത്തനംതിട്ട: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും തമ്മിൽ നേരിയ വോട്ടിന്‍റെ വ്യത്യാസമാണ് കോന്നിയിലുണ്ടായിരുന്നത്. യു.ഡി.എഫ്-49,667, എൽ.ഡി.എഫ്-46,946, ബി.ജെ.പി-46,506 എന്നിങ്ങനെയായിരുന്നു കോന്നി നിയമസഭാ മണ്ഡലത്തിലെ വോട്ടുനില. അതുകൊണ്ടു തന്നെ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിനായിരിക്കും മണ്ഡലം സാക്ഷ്യം വഹിക്കുക. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ മൂന്ന് മുന്നണി സ്ഥാനാർഥികളും തിങ്കളാഴ്‌ചയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
സ്ഥാനാർഥി പ്രഖ്യാപനം ആദ്യമേ പൂർത്തിയാക്കിയ എൽ.ഡി.എഫിന്‍റെ സ്ഥാനാർഥി കെ.യു. ജനീഷ് കുമാർ പ്രചരണത്തിന്‍റെ ഒന്നാം ഘട്ടം പിന്നിട്ടു. ഞായറാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത തെരഞ്ഞെടുപ്പ് കൺവെൻഷനോടെ എൽ.ഡി.എഫ് പാളയത്തിൽ പ്രചരണത്തിന് ശക്തി കൂടി.
റോഡ് ഷോയുമായി കോൺഗ്രസ് സ്ഥാനാർഥി പി. മോഹൻരാജും മണ്ഡലത്തിൽ സജീവമായി കഴിഞ്ഞു. സ്ഥാനാർഥി നിർണയത്തിലെ പൊട്ടിത്തെറിയും തിങ്കളാഴ്‌ച നടന്ന യു.ഡി.എഫ് കൺവെൻഷനിൽ വികാരധീനനായി അടൂർ പ്രകാശ് പ്രസംഗിച്ചതും കേരള രാഷ്‌ട്രീയത്തിൽ ചർച്ചയായിരുന്നു.
പ്രഖ്യാപനം വൈകിയെങ്കിലും ബി.ജെ.പി സ്ഥാനാർഥി കെ.സുരേന്ദ്രൻ എത്തിയതോടെ ബി.ജെ.പി ക്യാംപും ഉണർന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ കോന്നി മണ്ഡലം കേരള രാഷ്‌ട്രീയത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകുമ്പോൾ രാഷ്‌ട്രീയ അടിയൊഴുക്കുകൾ നിർണായകമാകുമെന്ന് ഉറപ്പാണ്.