പത്തനംതിട്ട: തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആൻഡ് കെമിക്കല്‍സിലെ സ്പിരിറ്റ് വെട്ടിപ്പ് കേസില്‍ സ്ഥാപനത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ജനറല്‍ മാനേജര്‍ അലക്‌സ് പി. എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നിലവിൽ ഇവർ ഒളിവിലാണ്.
ഫാക്ടറിയിൽ നിര്‍ത്തിവച്ച മദ്യ ഉത്‌പാദനം ജൂലായ് അഞ്ച് മുതല്‍ പുനരാരംഭിക്കാൻ ബെവ്‌കോ എം.ഡി ഉത്തരവ് നൽകി. സ്പിരിറ്റ് കടത്ത് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഏഴ് പേരില്‍ നാല് പേരും ഫാക്ടറി ജീവനക്കാരാണ്. ഇതില്‍ മൂന്ന് പേര്‍ക്കെതിരെയാണ് ഇപ്പോൾ നടപടിയെടുതിരിക്കുന്നത്.
also read: തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ സ്‌പിരിറ്റ് വെട്ടിപ്പ്
കേസിൽ നേരത്തെ അറസ്റ്റിലായ ഫാക്ടറിയിലെ സ്പിരിറ്റിന്‍റെ കണക്ക് സൂക്ഷിച്ചിരുന്ന ക്ലര്‍ക്ക് അരുണ്‍ കുമാര്‍ റിമാൻഡിലാണ്. പ്രതിപ്പട്ടികയിലുള്‍പ്പെട്ട ജനറൽ മാനേജര്‍ അലക്സ് എബ്രഹാം അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നീക്കം ഇവര്‍ ഒളിവില്‍ പോയതിനാൽ നടന്നില്ല.
ഇതിനെ തുടർന്ന് ഇവർക്ക് നോട്ടീസ് നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് പുറമെ വിതരണക്കാര്‍ക്കും മധ്യപ്രദേശിലെ സ്പിരിറ്റ് ലോബിക്കുമടക്കം വെട്ടിപ്പില്‍ പങ്കുള്ളതായാണ് പൊലീസ് സംശയിക്കുന്നത്.
ആറ് മാസത്തിനിടെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആൻഡ് കെമിക്കല്‍സിലേക്കെത്തിച്ച ലക്ഷക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് മോഷ്ടിച്ചു മറിച്ചു വിറ്റതായി സ്ഥിരീകരിച്ചതോടെ എക്സൈസ് കമ്മിഷണറും ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡിയും ആഭ്യന്തര അന്വേഷണങ്ങള്‍ക്കും നിര്‍ദേശം നൽകിയിട്ടുണ്ട്.