പത്തനംതിട്ട : തുലാപ്പള്ളി വട്ടപ്പാറ പിആര്‍സി മലമ്പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളില്‍ വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയതായി അഡ്വ.പ്രമോദ് നാരായണന്‍ എംഎല്‍എ. പെരുനാട് പഞ്ചായത്തിലെ കോളമല, പുതുവേൽ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പുലിയുടെ ആക്രമണത്തിൽ വളർത്തുജീവികൾ ചത്തതിന് പിന്നാലെയാണ് വനംവകുപ്പിന്‍റെ നടപടി. പുലിയുടെ സാന്നിധ്യം ഉണ്ടായ സ്ഥലത്ത് സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎൽഎ.
വട്ടപ്പാറ പേരകത്ത് ബേബി എന്നയാളുടെ വളര്‍ത്തുനായയെ കഴിഞ്ഞ രാത്രി പുലി പിടിച്ചിരുന്നു. പൂട്ടിയിട്ടിരുന്ന നായയെയാണ് പുലി പിടിച്ചത്. രാത്രി ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുലിയെ കണ്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സമീപവാസികളുടെ വളര്‍ത്തുനായകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പുലിയാണ് നായകളെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, പുലിയെ നേരിട്ട് കാണുന്നത് ഇപ്പോഴാണ്.
നായയെ ആക്രമിച്ചത് പുലി ആണെന്ന് വനം വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പ്രദേശത്ത് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വനം വകുപ്പ് നിരീക്ഷണം ആരംഭിച്ചിട്ടുണ്ടെന്ന് കണമല റേഞ്ച് ഫോറസ്റ്റ് ഓഫിസർ അറിയിച്ചതായും എംഎൽഎ വ്യക്തമാക്കി.
കടുവയെ പിടികൂടാൻ വച്ച കൂട്ടില്‍ കുടുങ്ങിയത് നായ : പെരുനാട് ബഥനിമലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാന്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ നായ കുടുങ്ങി. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ പശു ചത്ത ബഥനിമലയോട് ചേര്‍ന്ന ഭാഗത്താണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. പ്രദേശത്ത് നേരത്തെ സ്ഥാപിച്ച കൂട് പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.
ഈ കൂട്ടിലാണ് കഴിഞ്ഞ രാത്രിയിൽ നായ കുടുങ്ങിയത്. ഈ ഭാഗത്തെ വളർത്തുമൃഗങ്ങൾക്ക് നേരെ കടുവയുടെ തുടർച്ചയായ ആക്രമണം ഉണ്ടായതിനെ തുടർന്നാണ് കൂട് സ്ഥാപിച്ചത്. കടുവ ആക്രമിച്ചുകൊന്ന പശുവിന്‍റെ ജഡത്തിന്‍റെ ഒരു ഭാഗമാണ് തീറ്റയായി വച്ചിരുന്നത്. എന്നാൽ കടുവ കൂടിനടുത്ത് വന്നെങ്കിലും അകത്തുകയറിയിരുന്നില്ല. ഈ കൂട്ടിലാണ് നായ കുടുങ്ങിയത്.