പത്തനംതിട്ട: ചാലക്കയം വെള്ളാച്ചിമലയിലെ ആദിവാസി ഊരിൽ വീടിനുള്ളില്‍ ഉറങ്ങി കിടന്ന മൂന്നു വയസുകാരന് നേരെ പുലിയുടെ ആക്രമണം. ഊര് നിവാസിയായ ഭാസ്‌കരന്‍റെ മകന്‍ സുബീഷിനാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ 3 മണിക്കാണ് സംഭവം. പുലിയാണ് ആക്രമിച്ചതെന്നും തങ്ങള്‍ കണ്ടുവെന്ന് കുടുംബം പറഞ്ഞു. എന്നാല്‍ പുലിയാകാന്‍ സാധ്യതയില്ലെന്നും കാട്ടുപൂച്ചയാകാം ആക്രമിച്ചതെന്നുമുള്ള നിലപാടിലാണ് വനം വകുപ്പ്. സംഭവത്തില്‍ വനം വകുപ്പും പൊലീസും കൂടുതല്‍ അന്വേഷണം നടത്തും.
വടകരയിലും കോട്ടയത്തും കുറുക്കന്‍റെ ആക്രമണം: ഏതാനും ദിവസം മുമ്പാണ് കോഴിക്കോട് വടകരയിലും കോട്ടയം ജില്ലയിലെ ചക്കാമ്പുഴയില്‍ നിന്നും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. വടകരയില്‍ നാല് വയസുകാരി ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് കുറുക്കന്‍റെ ആക്രമണത്തില്‍ പരിക്കേറ്റത്. ജനങ്ങള്‍ക്കിടയിലേക്ക് ഓടിയെത്തിയ കുറുക്കന്‍ കണ്ടെവരെയെല്ലാം ആക്രമിക്കുകയായിരുന്നു.
കുറുക്കന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ മുഴുവന്‍ പേരെയും വടകര താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. കുറുക്കന് പേ ഇളകിയതാണോ ആക്രമണത്തിന് കാരണമെന്ന് സംശയമുണ്ട്. ജനങ്ങളെ ആക്രമിച്ചതിന് പിന്നാലെ നാട്ടുകാര്‍ കുറുക്കനെ തല്ലി കൊല്ലുകയും ചെയ്‌തു.
പരിക്കേറ്റവര്‍ക്ക് പേ വിഷബാധ തടയാനുള്ള മരുന്ന് കുത്തിവച്ചു. മൂന്ന് ഘട്ടങ്ങളിലാണ് വാക്‌സിന്‍ നല്‍കിയത്. കോട്ടയത്തുണ്ടായ കുറുക്കന്‍റെ ആക്രമണത്തില്‍ നാല് പേര്‍ക്കാണ് പരിക്കേറ്റത്. ചക്കാമ്പുഴയിലും പരിസര പ്രദേശങ്ങളിലുമുള്ളവരാണ് ആക്രമണത്തിന് ഇരയായത്. നെടുംമ്പള്ളില്‍ ജോസ്, തെങ്ങുംപ്പള്ളില്‍ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളില്‍ ജൂബി, നടുവിലാമാക്കല്‍ ബേബി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ ബേബിക്കാണ് ഗുരുതര പരിക്ക്. മുഖത്ത് പരിക്കേറ്റ ബേബിയുടെ ഒരു വിരല്‍ ഭാഗികമായി കുറുക്കന്‍ കടിച്ചെടുത്തു. നെടുംമ്പള്ളില്‍ ജോസിന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. തുടര്‍ന്നാണ് മറ്റ് മൂന്ന് പേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റത്.
തെരുവ് നായ ആക്രമണം: സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ തെരുവ് നായ ശല്യവും ആക്രമണവും അധികരിച്ചിരിക്കുകയാണ്. അടുത്തിടെയാണ് കണ്ണൂരിലെ തളിപ്പറമ്പില്‍ നാല് പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ചാണ് നായയുടെ ആക്രമണമുണ്ടായത്. തളിപ്പറമ്പ് കപ്പാലത്തെ സി ജാഫർ, തൃച്ചംബരം സ്വദേശി എസ് മുനീർ, പട്ടുവം സ്വദേശി പി വി വിനോദ് എന്നിവർക്കും ഒരു സ്‌ത്രീക്കുമാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നാലെ ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.