പത്തനംതിട്ട : പട്ടാപ്പകൽ വീടിനുള്ളിൽ കയറി വൃദ്ധയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേരെ കൂടി പന്തളം പൊലീസ് അറസ്റ്റ് ചെയ്തു.
മലയാലപ്പുഴ താഴം ചേറാടി ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന സുഗുണന്‍ എന്ന സിജു (28), ഇയാളുടെ സഹോദരൻ സുനില്‍ രാജേഷ് (25), തോന്നല്ലൂര്‍ സ്വദേശി എസ്.ആദര്‍ശ് (30)എന്നിവരാണ് അറസ്റ്റിലായത്.
പന്തളം കടയ്ക്കാടുള്ള ശാന്തകുമാരിയുടെ വീട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മോഷണം നടന്നത്. മൂന്ന് പവൻ സ്വർണവും 8,000 രൂപയുമാണ് മോഷ്ടിച്ചത്.
ക്ഷേത്രത്തിലെ സദ്യക്ക് വാഴയില വെട്ടാന്‍ എന്ന വ്യാജേന ചൊവ്വാഴ്ച ഉച്ചയോടെ മൂന്നംഗ സംഘം വീട്ടിലെത്തി ശാന്തകുമാരിയെ കെട്ടിയിട്ട ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. നേരത്തെ അറസ്റ്റിലായ റാഷിഖും ആദർശും ശാന്തകുമാരിയുടെ വീടിന് സമീപം താമസിക്കുന്നവരാണ്.
സംഭവം ഇങ്ങനെ
ഒറ്റയ്ക്ക് താമസിക്കുന്ന ശാന്തകുമാരിയുടെ പക്കൽ വിലപിടിപ്പുള്ള സ്വർണം ഉണ്ടെന്ന് മോഷണത്തിന്‍റെ സൂത്രധാരനും അയൽക്കാരനുമായ ആദർശ് കൂട്ടാളികളെ അറിയിച്ചു. തുടർന്ന് സംഭവം നടന്ന ദിവസം ആദര്‍ശ് തന്റെ ബൈക്കിൽ മറ്റുള്ളവരെ ശാന്തകുമാരിയുടെ വീടിനുസമീപം എത്തിച്ച് വഴിയിൽ കാത്തുനിന്നു.
Also read: പത്തനംതിട്ടയിൽ വൃദ്ധയെ കെട്ടിയിട്ട് മോഷണം; പ്രതി അറസ്റ്റിൽ
ശാന്തകുമാരിയുടെ വീട്ടിലെത്തിയ മൂന്നുപേർ അവരെ കെട്ടിയിട്ട് ആഭരണങ്ങളും പണവും മോഷ്ടിച്ചു. ശേഷം മൂന്ന് പവനില്‍ ഒരുഭാഗം കോഴഞ്ചേരി തെക്കേമലയിലെയും പത്തനംതിട്ട ആനപ്പാറയിലെയും ധനകാര്യ സ്ഥാപനങ്ങളില്‍ പണയംവെച്ചു.
ബാക്കി സ്വര്‍ണം വില്‍ക്കുകയും ചെയ്തു. കിട്ടിയ തുകയില്‍ 22,000 രൂപ ആദര്‍ശിന് നല്‍കി. 8,000 രൂപ ചെലവഴിച്ചു. പ്രതികളിൽ രണ്ട് പേർ മുമ്പും നിരവധി കേസുകളിൽ പ്രതികളാണ്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.