പത്തനംതിട്ട: തെക്കൻ കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽ പതിവുള്ള ആചാരമാണ് തോറ്റംപാട്ട്. ക്ഷേത്രത്തിനുപുറത്ത് പ്രത്യേകം പാട്ടുപുര കെട്ടി അതിനുള്ളിലിരുന്നാണ് ഭദ്രകാളിപ്പാട്ടെന്ന് അറിയപ്പെടുന്ന തോറ്റംപാട്ട് പാടുന്നത്. ഭദ്രകാളിസ്തുതിയാണ് പാട്ടിലൂടെ അവതരിപ്പിക്കുന്നത്.വായ്മൊഴിയായി മാത്രമാണ് തോറ്റംപാട്ട് നിലനിൽക്കുന്നത്. ഇത് എഴുതിപ്പഠിക്കാൻ പാടില്ലെന്നാണ് വിശ്വാസം. വായ്മൊഴിയായി സൂക്ഷിച്ചിട്ടുള്ള പഴയകാല സാഹിത്യത്തിന്‍റെ ശക്തിയും ഈ പാട്ടുകളിൽ കാണാം.
കൈത്താളം തട്ടിയാണ് പാടുന്നത്. വാദ്യമേളങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഭദ്രകാളിയെ ശ്രീകോവിലിൽ നിന്ന് എഴുന്നള്ളിച്ച് പാട്ടുപുരയിൽ കുടിയിരുത്തി ഭദ്രകാളിയുടെ അവതാരകഥ ആദ്യാവസാനം പാടുന്നതാണ് ചടങ്ങ്. എല്ലാ ഭദ്രകാളി ക്ഷേത്രങ്ങളിലും ഉത്സവത്തോടനുബന്ധിച്ച് പാട്ടുപുര കെട്ടി ഏഴോ പത്തോ ദിവസം തുടർച്ചയായി തോറ്റംപാട്ട് പാടിയാണ് ഉത്സവം നടത്താറുള്ളത്. അന്യം നിന്നു പോകുന്ന ഈ കേരളീയ അനുഷ്ഠാന കലാരൂപം നിലനിർത്താൻ സർക്കാരും അധിക്യതരും തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.