ഇടുക്കി: മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് തൊടുപുഴ നഗരസഭാ ജീവനക്കാര്‍. കേരള മുന്‍സിപ്പല്‍ ആന്‍റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ തൊടുപുഴ യൂണിറ്റ് അംഗങ്ങള്‍ ആറ് ദിവസത്തെ ശമ്പളം വാക്‌സിന്‍ ചലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കും. നഗരസഭ ഓഫീസില്‍ നടന്ന ചടങ്ങില്‍ രണ്ട് ലക്ഷത്തി മുപ്പത്തയ്യായിരം രൂപയുടെ സമ്മതപത്രം യൂണിറ്റ് പ്രസിഡന്‍റ് മനേഷ് മാത്യു നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജിന് കൈമാറി.
കൊവിഡ് മഹാമാരി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നത് മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തൊടുപഴ നഗരസഭയിലെ യൂണിയന്‍ അംഗങ്ങള്‍ മാതൃകാപരമായ തീരുമാനമാണ് എടുത്തിട്ടുളളതെന്ന് ചെയര്‍മാന്‍ പറഞ്ഞു.
കൂടുതല്‍ വായനക്ക്:വാക്‌സിന്‍ ചലഞ്ചിലേക്ക് പത്തനംതിട്ട പഞ്ചായത്ത് ഉദ്യോഗസ്ഥർ നാലു ലക്ഷം രൂപ നല്‍കി
പണമില്ലാത്തത് കൊണ്ട് ആര്‍ക്കും വാക്‌സിന്‍ ലഭ്യമാകാതെ പോകരുതെന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാനത്ത് വാക്‌സിന്‍ ചലഞ്ച് പുരോഗമിക്കുന്നത്. കേരളം സ്വന്തം നിലക്ക് വാക്‌സിന്‍ വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ദുരിതാശ്വാസ നിധിയിലേക്ക് വന്‍തോതില്‍ തുക എത്തുകയായിരുന്നു. സര്‍ക്കാരിന്‍റെ യാതൊരു പ്രഖ്യാപനവും ഇല്ലാതെയാണ് സമൂഹ മാധ്യമത്തില്‍ വൈറലായ വാക്‌സിന്‍ ചലഞ്ച് ജനങ്ങള്‍ ഏറ്റെടുത്തത്.