പത്തനംതിട്ട : തിരുവോണസദ്യയ്‌ക്കുള്ള വിഭവങ്ങളുമായി കാട്ടൂരില്‍ നിന്നും പുറപ്പെട്ട തിരുവോണത്തോണി ആറന്മുളയില്‍ എത്തി. തിരുവോണത്തോണിയില്‍ കൊണ്ടുവന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് ആറന്മുള ക്ഷേത്രത്തില്‍ സദ്യയൊരുക്കുക. പരമ്പരാഗത ആചാരപ്രകാരം സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന്(08.09.2022) പുലര്‍ച്ചെ 5 മണിക്കാണ് ആറന്മുള ക്ഷേത്രക്കടവില്‍ എത്തിയത്.
കോട്ടയം കുമാരനല്ലൂർ മങ്ങാട്ടുകടവിൽ നിന്നും മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തില്‍ ഓണ വിഭവങ്ങളുമായി തിരുവോണത്തോണി കാട്ടൂരില്‍ നിന്ന് പുറപ്പെട്ടത് സെപ്‌റ്റംബർ 5നാണ്. ചോതിനാള്‍ മുതല്‍ കാട്ടൂരിലെ 18 തറവാട്ടുകാർ തയ്യാറാക്കുന്ന വിഭവങ്ങളും ഒപ്പം ഭക്തര്‍ വഴിപാട് സമര്‍പ്പിക്കുന്ന വിഭവങ്ങളുമാണ് തിരുവോണത്തോണിയില്‍ ആറന്മുളയില്‍ എത്തിക്കുന്നത്. പമ്പാനദിയുടെ കിഴക്കന്‍ മേഖലയിലെ പള്ളിയോടങ്ങള്‍ കാട്ടൂരില്‍ നിന്ന് തിരുവോണത്തോണിക്ക് അകമ്പടിയായി എത്തിയിരുന്നു.
Also read: ആറന്മുള തേവർക്കുള്ള വിഭവങ്ങളുമായി മങ്ങാട്ടുകടവില്‍ നിന്ന് തിരുവോണത്തോണി പുറപ്പെട്ടു
വിഭവങ്ങള്‍ക്കൊപ്പം അടുത്ത ഒരുവര്‍ഷത്തേയ്‌ക്ക് കെടാവിളക്കില്‍ കത്തിക്കാനുള്ള ദീപവും തോണിയില്‍ എത്തിച്ചു. തോണി എത്തി ആറന്മുള ക്ഷേത്രത്തിലെ കെടാവിളക്ക് തെളിച്ചതിന് ശേഷമാണ് സദ്യ ഒരുക്കിയത്.