പത്തനംതിട്ട: ഒന്നിന് പിറകേ ഒന്നായി ചീറി പായുന്ന ഫയർ എഞ്ചിനുകൾ.. സബ് കലക്‌ടറുടെയും തഹസിൽദാരുടെയും ഔദ്യോഗിക വാഹനങ്ങളും ആംബുലൻസുകളും പൊലീസ് ജീപ്പുകളും പിറകെ. ഇത് കണ്ട നാട്ടുകാർ ബൈക്കിലും ഓട്ടോയിലുമൊക്കെയായി ഒപ്പം പാഞ്ഞു. കിലോമീറ്ററുകൾ നീണ്ട മരണപ്പാച്ചിലിനൊടുവിൽ ഫയർ ഫോഴ്‌സ് അടങ്ങുന്ന സംഘം എത്തിച്ചേർന്നത് പെരിങ്ങര പഞ്ചായത്തിലെ മുട്ടാർ കോൺകോഡ് കടവിൽ. ലൈഫ് ജാക്കറ്റുകൾ ധരിച്ച ആറ് അഗ്നിശമന സേനാംഗങ്ങൾ രണ്ട് ലൈഫ് ബോട്ടുകൾ നദിയിലേക്കിട്ട് അതിവേഗം മറുകര ലക്ഷ്യമായി തുഴഞ്ഞു. സ്ഥലത്ത് തടിച്ച് കൂടിയവരുടെ ചോദ്യങ്ങൾക്ക് ഇതോടെ മറുപടി കിട്ടി.


നദിക്ക് അക്കരെ തുരുത്തിൽ ഗർഭിണികളും വയോധികരും അടങ്ങുന്ന നാൽപതോളം പേർ വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുന്നതായും അതിലൊരാൾ വെള്ളത്തിൽ വീണെന്ന് സംശയിക്കുന്നതായും രക്ഷപ്രവർത്തനത്തിനാണ് എത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കാഴ്‌ചക്കാർക്ക് ഉദ്വേഗത്തിന്‍റെ നിമിഷങ്ങൾ. മിനിട്ടുകൾക്കകം തിരുവല്ലയിലെ ഫേസ്‌ബുക്ക് പേജുകളിലും വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. ഇതിനിടെ വെള്ളത്തിൽ വീണ് മൂന്ന് യുവാക്കൾ മരിച്ചെന്നും പ്രചരണമുണ്ടായി. സംഭവമറിഞ്ഞ് കൂടുതൽ പേർ സ്ഥലത്തേക്ക് പാഞ്ഞെത്തി. കൊവിഡ് ജാഗ്രതയുടെ ഭാഗമായി ഇവരെ പൊലീസ് വിരട്ടിയോടിച്ചു. രണ്ട് മണിക്കൂറിന് ശേഷമാണ് കണ്ടു നിന്നവർക്ക് കാര്യം പിടികിട്ടിയത്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ഇന്‍സിഡന്‍റ് റെസ്പോണ്‍സ് സിസ്റ്റത്തിന്‍റെ (ഐആര്‍എസ്) ഭാഗമായി ജില്ലാ ഭരണകൂടവും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ മോക്ഡ്രിൽ ആണ് തിരുവല്ലയെ ഏറെ നേരെ ആശങ്കയിലാക്കിയത്.


മോക്ഡ്രില്ലിന്‍റെ ഭാഗമായി കോൺകോഡ് കടവിൽ നടന്ന സംഭവങ്ങൾ ഇങ്ങനെ...
നദിക്ക് അക്കരെ സ്ഥിതിചെയ്യുന്ന തുരുത്തിൽ അകപ്പെട്ടവരെ ഓരോരുത്തരെയായി വിവിധ സേന യൂണിറ്റുകൾ ചേർന്ന് കരയിലെത്തിച്ചു. അടിയന്തര വൈദ്യസഹായമുള്ളവർ ഉടൻ ആശുപത്രിയിലേക്കും മറ്റുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി. പൊലീസ്, ഫയർഫോഴ്‌സ് അടക്കം വിവിധ സേനകളുടെ രക്ഷാപ്രവർത്തനമറിഞ്ഞ് തിരുവല്ല, കാവുംഭാഗം, പെരിങ്ങര ഭാഗത്തുള്ളവർ കോൺകോഡ് കടവിലേക്ക് പാഞ്ഞെത്തി. സംഗതി മോക്ഡ്രിൽ ആണെന്നഞ്ഞപ്പോഴാണ് പലർക്കും ആശ്വാസമായത്. തിരുവല്ല സബ് കലക്‌ടർ വിനയ് ഗോയൽ, തഹസിൽദാർ മിനി കെ. തോമസ്, ജില്ലാ ഫയർ ഓഫീസർ വിശി വിശ്വനാഥ്, തിരുവല്ല ഡിവൈഎസ്‌പി ടി. രാജപ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മോക്ഡ്രിൽ. 2018ലെ മഹാപ്രളയത്തിൽ വലിയ ദുരിതമനുഭവിച്ച മേഖലയാണ് തിരുവല്ല താലൂക്കിലെ പെരിങ്ങര, കാവുംഭാഗം, നെടുമ്പ്രം പ്രദേശങ്ങൾ. അതിനാലാണ് പെരിങ്ങര ഗ്രാമപഞ്ചായത്തിലെ കോൺകോഡ് കടവു തന്നെ മോക്ക്ഡ്രില്ലിനായി തിരഞ്ഞെടുത്തതെന്ന് റവന്യൂ അധികൃതർ പറഞ്ഞു.