പത്തനംതിട്ട : അടൂര്‍ ബൈപ്പാസ് റോഡരികില്‍ സ്ഥിതി ചെയ്യുന്ന ബെവ്റേജസ് കോര്‍പ്പറേഷന്‍റെ വില്‍പ്പന കേന്ദ്രത്തില്‍ മോഷണം. 18 ലക്ഷം രൂപ സൂക്ഷിച്ചിരുന്ന ലോക്കര്‍ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മദ്യവും സിസിടിവിയും ഉള്‍പ്പടെ കവര്‍ന്നാണ് മോഷ്ടാക്കൾ കടന്നത്. വ്യാഴാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നതെന്നാണ് സംശയിക്കുന്നത്.
കെട്ടിടത്തിന്‍റെ പിന്നിലൂടെയാണ് മോഷ്‌ടാക്കള്‍ ഉള്ളില്‍ പ്രവേശിച്ചത്. ഗ്രില്ലിന്‍റെ പൂട്ട് തകര്‍ത്ത ശേഷം ഷട്ടറിന്‍റെ ഇരുവശത്തേയും പൂട്ട് തകര്‍ത്തു. അകത്തുകയറിയ മോഷ്‌ടാക്കള്‍ കൈയില്‍ കരുതിയ ആയുധം കൊണ്ട് ലോക്കറിന്‍റെ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍ന്ന് സിമന്‍റ് കട്ട ഉപയോഗിച്ചും പൂട്ട് പൊളിക്കാന്‍ നോക്കിയതിന്‍റെ പാടുകളുണ്ട്. ലോക്കറിന്‍റെ പിടി ഇളകിപ്പോയ നിലയിലാണ്. പണം നിറച്ച ലോക്കർ നടത്താനുള്ള ശ്രമം വിഫലമായതോടെ റാക്കില്‍ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികൾ കവർന്ന് മോഷ്‌ടാക്കള്‍ കടന്നുകളയുകയായിരുന്നു
ഇവിടെ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയുടെ ഡി.വി.ആറും മേശയില്‍ സൂക്ഷിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണും എടുത്തു. ഉപകരണങ്ങൾ മോഷണം പോയതിലൂടെ ഒന്നരലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായതായി ഉദ്യോഗസ്ഥര്‍ പൊലീസിനോട് പറഞ്ഞു.
എത്ര രൂപയുടെ വിദേശ മദ്യം മോഷണം പോയി എന്നത് സംബന്ധിച്ച് കണക്കെടുപ്പിന് ശേഷമേ പറയാന്‍ കഴിയൂ. ഇതുസംബന്ധിച്ച വിലയിരുത്തല്‍ തുടരുകയാണ്. ഡിവൈ.എസ്.പി ആര്‍. ബിനു, ഇന്‍സ്‌പെക്ടര്‍ പ്രജീഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഫിംഗര്‍ പ്രിന്‍റ് ടെസ്റ്റര്‍ ഇന്‍സ്‌പെക്‌ടര്‍ ബിജുലാല്‍, രവികുമാര്‍, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു.