ശബരിമല: ഐതിഹ്യവിശുദ്ധിയുടെ നിറവില്‍ ശബരിമല ശ്രീധര്‍മ ശാസ്‌താ ക്ഷേത്രത്തില്‍ ജനുവരി 16ന് ആരംഭിച്ച പടിപൂജ അവസാനിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടേയും മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരിയുടേയും കാര്‍മികത്വത്തിലാണ് പടിപൂജ നടന്നത്. പതിനെട്ടാംപടിയില്‍ നടത്തുന്ന പടിപൂജയ്ക്ക് സവിശേഷതകള്‍ ഏറെയാണ്. പൂങ്കാവനത്തിലെ പതിനെട്ട് മലകളെയാണ് പതിനെട്ട് പടികള്‍ പ്രതിനിധാനം ചെയ്യുന്നത് എന്നാണ് വിശ്വാസം.
നിലവിളക്ക്, പുഷ്പം, കലശം, ചന്ദനത്തിരി, പൂമാല, പൂജാദ്രവ്യങ്ങള്‍, പട്ട്, കലശത്തുണി ഇവയാണ് പടിപൂജയ്ക്ക് ആവശ്യമായ പ്രധാന പൂജാസാധനങ്ങള്‍. 75,000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെയാണ് പടിപൂജയുടെ നിരക്ക്. ശബരിമലയിലെ ഏറ്റവും ചെലവേറിയ വഴിപാടും ഇതുതന്നെ. പടിപൂജയ്ക്ക് 2037വരെയുള്ള ബുക്കിങ് പൂർത്തി ആയിക്കഴിഞ്ഞു.