പത്തനംതിട്ട: സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതിയില്‍ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം കാണാതായ യുവാവിനെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കണ്ടെത്തി. അടൂര്‍ പള്ളിക്കല്‍ സുജിത്ത് നിവാസില്‍ സുരാജി(28)നെയാണ് കണ്ടെത്തിയത്. ഇയാളെ ആറാം തീയതി രാത്രി മുതല്‍ കാണാതായതായി ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നല്‍കിയിരുന്നു. ഇതേ തുടർന്ന് തിരുവല്ല സി ഐ പി ആർ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഇയാളെ കണ്ടെത്തിയത്.
ആറാം തീയതി തിരുവല്ല പൊലീസ് കസ്റ്റഡിയിൽ എടുത്ത സുരാജിനെ ജാമ്യത്തിൽ എടുക്കാൻ ബന്ധുക്കൾ ആരും തന്നെ എത്താതിരുന്നതിനെ തുടർന്ന് ഏഴാം തീയതി രാവിലെ ഇയാളെ അടൂർ വഴി പോകുന്ന തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറ്റി വീട്ടിരുന്നു. ഇതിന് ശേഷം ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലുമായിരുന്നു. ഇതിന് ശേഷമാണ് ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതിയുമായി രംഗത്ത് എത്തിയത്.
പൊലീസ് അടൂരിലേക്ക് ബസ് കയറ്റി വിട്ട സുരാജ് നേരെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. തിരുവനന്തപുരത്ത് എത്തിയ സുരാജ് പൊതുജനങ്ങൾക്ക് നേരെ അതിക്രമം കാട്ടിയതിനെ തുടർന്ന് തമ്പാനൂർ പൊലീസിന്‍റെ പിടിയിലായി. തുടർന്ന് സ്റ്റേഷനിലും അതിക്രമം ആവർത്തിച്ചതോടെ പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി നിർദേശ പ്രകാരം ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.