പത്തനംതിട്ട: സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി ജസ്റ്റിസ്. എം. ഫാത്തിമ ബീവിയെ കാണാന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പത്തനംതിട്ടയിലെ വീട്ടിലെത്തി. ശബരിമല ദര്‍ശനത്തിന് ശേഷം രാജ്ഭവനിലേക്ക് മടങ്ങുന്ന വഴിയാണ് ഗവര്‍ണറുടെ സന്ദര്‍ശനം.
ജസ്റ്റിസ്. എം. ഫാത്തിമ ബീവിയോടുള്ള ബഹുമാന സൂചകമായാണ് സന്ദര്‍ശനമെന്ന് ഗവര്‍ണര്‍ പറഞ്ഞു. 'പരമോന്നത കോടതിയായ സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയാണ് ഫാത്തിമ ബീവി. ഒരുപാട് ആളുകള്‍ക്ക് പ്രചോദനമാണ് അവര്‍. പ്രത്യേകിച്ചും വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക്. ജഡ്ജി എന്നതിനുപരി ഗവര്‍ണറുമായിരുന്ന ഫാത്തിമ ബീവി ആദരവര്‍ഹിക്കുന്നു'. ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം ഏറെ കാലമായി ഗവര്‍ണറെ നേരിട്ട് അറിയാമെന്ന് ജസ്റ്റിസ്. എം. ഫാത്തിമ ബീവി പറഞ്ഞു. അദ്ദേഹത്തിന്‍റെ സഹോദരനുമായും അടുത്ത ബന്ധമുണ്ട്. തീര്‍ത്തും സൗഹൃദ സന്ദര്‍ശനമായിരുന്നു ഗവര്‍ണറുടേത്. ആരോഗ്യം ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ജസ്റ്റിസ് ഫാത്തിമ ബീവി പറഞ്ഞു.
സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി എന്നതിന് പുറമെ ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളില്‍ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരുന്ന ആദ്യ മുസ്ലിം വനിത എന്ന ബഹുമതിയും ജസ്റ്റിസ് ഫാത്തിമ ബീവിക്ക് സ്വന്തമാണ്. അവര്‍ തമിഴ്‌നാട് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.