പത്തനംതിട്ട: നഗ്നമേനിയിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ മുൻകൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ നില പരുങ്ങലിൽ. രഹ്ന ഫാത്തിമ പ്രമുഖ മലയാളം ന്യൂസ് ചാനലിന്‍റെ ന്യൂസ് അവറിൽ പങ്കെടുത്ത് ദിവസം ഒന്ന് പിന്നിട്ടുമ്പോഴും അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ഒത്തുകളിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡി ജി പി ക്ക് നൽകിയ പരാതിയാണ് രഹ്നയുടെ നില പരുങ്ങലിലാക്കിയിരിക്കുന്നത്.
വിവാദ വീഡിയോ ഷൂട്ട് ചെയ്ത വ്യക്തിയെ കൂടി പ്രതി ചേർക്കണമെന്നും വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനിടയായതിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ എ വി അരുൺ പ്രകാശ് പൊലീസ് മേധാവി ലോക്നാഥ് ബഹറയ്ക്ക് ഇന്ന് നൽകിയ പരാതിയും രഹ്നയ്ക്ക് കൂടുതൽ കുരുക്കാവും. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്യപ്പെട്ട കേസിലെ പ്രതി ദൃശ്യ മാധ്യമത്തിലൂടെ ലൈവിൽ വന്നതിന് ശേഷവും അറസ്റ്റ് ചെയ്യപ്പെടാതെ പോയ സംഭവത്തിന് പിന്നിൽ പൊലീസിന്‍റെ കൃത്യ വിലോപമാണ് വെളിച്ചത്ത് വരുന്നതെന്നും അരുൺ കുമാറിന്‍റെ പരാതിയിൽ പറയുന്നുണ്ട്.
വ്യാഴാഴ്ച രാത്രി പ്രമുഖ മലയാളം ചാനലിലെ ന്യൂസ് അവറിൽ പങ്കെടുത്ത രഹ്നയെ ഇതുവരെയും പിടികൂടാനാകാത്തത് പോലീസും ഉന്നതരും ചേർന്ന് നടത്തുന്ന ഒത്തുകളിയാണെന്ന ആരോപണമാണ് ഡി ജി പി ക്ക് നൽകിയ പരാതിയിൽ പ്രധാനമായും പറയുന്നത്. കൊച്ചി സൗത്ത് സിഐ കെ. ജി അനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രഹ്നയുടെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ കംപ്യൂട്ടറും ചിത്രം വരയ്ക്കാൻ ഉപയോഗിച്ച ബ്രഷുകളും അടക്കം പിടിച്ചെടുത്തിരുന്നു.
കോഴിക്കോട്ടുള്ള സുഹൃത്തിനെ സന്ദർശിക്കാർ രഹ്ന പോയിരിക്കുകയാണെന്നാണ് രഹ്നയുടെ പങ്കാളി മനോജ് ശ്രീധർ റെയ്ഡിനെത്തിയ കൊച്ചി സൗത്ത് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ രഹ്ന കൊച്ചിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനെ സമീപിച്ച് നിയമോപദേശവും തേടിയിട്ടുണ്ട്. തിരുവല്ല പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ക്രിമിനല്‍ നടപടിക്ക് ഉത്തരവിട്ട് ബാലാവകാശ കമ്മിഷനും രഹ്നയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രായപൂർത്തിയാകാഞ്ഞ മക്കളെക്കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ക്രിമിനല്‍ നടപടി കൈക്കൊള്ളേണ്ടതാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ബുധനാഴ്ച ഉത്തരവിട്ടിരുന്നു.സംഭവം സംബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം കെ. നസീര്‍ ആവശ്യപ്പെട്ടിരുന്നു.