പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് തങ്ക അങ്കി ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു. കൊല്ലീരേത്ത് കുടുംബാംഗമായിരുന്ന തങ്കപ്പനാചാരി നാല് പതിറ്റാണ്ട് മുമ്പ് അദ്ദേഹത്തിന്റെ ജീപ്പിൽ ശബരിമലയുടെ മാതൃകയിൽ രൂപകൽപ്പന ചെയ്‌ത രഥത്തിലാണ് തങ്ക അങ്കി കൊണ്ടുപോകുന്നത്. അദ്ദേഹത്തിന്റെ മരണശേഷം മക്കളാണ് മൂന്നുവർഷമായി രഥം നയിക്കുന്നത്. പുലർച്ചെ അഞ്ചുമുതൽ ഏഴുവരെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ ഭക്തർക്ക് തങ്ക അങ്കി ദർശനം അനുവദിച്ചിരുന്നു.
ഘോഷയാത്ര എത്തുന്ന സ്ഥലവും സമയവും
തിങ്കളാഴ്ച
മൂർത്തിട്ട ഗണപതിക്ഷേത്രത്തില്‍ നിന്ന് രാവിലെ 7.15ന് ആരംഭിക്കുന്ന ഘോഷയാത്ര 7.30ന് പുന്നംതോട്ടം ദേവീക്ഷേത്രത്തിലെത്തും. 7.45ഓടെ ചവുട്ടുകുളം മഹാദേവക്ഷേത്രത്തിലും 8 മണിക്ക് തിരുവഞ്ചാംകാവ് ദേവീക്ഷേത്രത്തിലുമെത്തും. 8.30ന് തേവലശ്ശേരി ദേവീക്ഷേത്രത്തിലെത്തുന്ന രഥ ഘോഷയാത്ര കോഴഞ്ചേരി ടൗൺ വഴി പാമ്പാടി മൺ അയ്യപ്പക്ഷേത്രത്തിലും കാരംവേലിയിലും തുടര്‍ന്ന് 11.30 ഓടെ ഇലന്തൂർ ഗണപതി ക്ഷേത്രത്തിലുമെത്തും . 12.30 ന് ശ്രീനാരായണമംഗലം ധർമശാസ്‌താ ക്ഷേത്രത്തിലെത്തി ഉച്ചഭക്ഷണം.
തുടര്‍ന്ന് 2 മണിയോടു കൂടി അയത്തിൽ മലനട ജങ്‌ഷൻ വഴി 2.50ന് മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രത്തിലെത്തും. 3.15ന് ഇലവുംതിട്ട ദേവീക്ഷേത്രത്തിലും 3.45ന് ഇലവുംതിട്ട മലനടയിലും എത്തുന്ന ഘോഷയാത്ര 4.30ന് മുട്ടത്തുകോണം എസ്.എൻ.ഡി.പി. മന്ദിരത്തിലെത്തും. വൈകുന്നേരം 5.30യ്ക്ക് കൈതവനം ദേവീക്ഷേത്രത്തിലും 6 മണിക്ക് പ്രക്കാനം ഇടനാട് ദേവീക്ഷേത്രത്തിലുമെത്തും . ചീക്കനാൽ, ഊപ്പമൺ വഴി രാത്രി എട്ടിന് ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രത്തിൽ ഒന്നാം ദിവസത്തെ യാത്ര അവസാനിക്കും.
ചൊവ്വാഴ്‌ച
24-ന് രാവിലെ എട്ടിന് ഓമല്ലൂരിൽനിന്ന് തുടങ്ങുന്ന ഘോഷയാത്ര 9ന് കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും 10 ന് അഴൂർ കാണിക്കവഞ്ചിയിലും പത്തനംതിട്ട ഊരമ്മൻകോവിൽ 10.45നും ശാസ്താക്ഷേത്രത്തില്‍ 11.00 നും എത്തിചേരും. 11.30 ഓടെ കരിമ്പനയ്ക്കൽ ദേവീക്ഷേത്രത്തിലും 12 മണിക്ക് മുണ്ടുകോട്ടയ്ക്കൽ ശാരദാമഠം എസ്.എൻ.ഡി.പി. മന്ദിരത്തിലും ഉച്ചക്ക് 1 മണിക്ക് കടമ്മനിട്ട ദേവീക്ഷേത്രത്തിലുമെത്തും. പിന്നീട് ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുംശേഷം ഇവിടെനിന്ന് പുറപ്പെടും. തുടർന്ന് കടമ്മനിട്ട ഋഷികേശക്ഷേത്രത്തിൽ 2.15നും മേക്കൊഴൂർ ക്ഷേത്രത്തിൽ 3.15നും മൈലപ്ര ഭഗവതിക്ഷേത്രത്തിൽ 3.45നും കുമ്പഴയിൽ 4.15നുമെത്തും. പുളിമുക്കിൽ വൈകിട്ട് 4.45ന് എത്തുന്ന തങ്ക അങ്കി ഘോഷയാത്ര പിന്നീട് വെട്ടൂർ മഹാവിഷ്‌ണു ക്ഷേത്രപ്പടിയിലും ഇളകൊള്ളൂർ മഹാദേവർ ക്ഷേത്രത്തിലും എത്തിചേരും. 7.45 ഓടെ ഘോഷയാത്ര കോന്നി ടൗണിലെത്തും. രാത്രി 8.30ക്ക് മുരിങ്ങമംഗലം ക്ഷേത്രത്തിൽ എത്തി ഇവിടെ രാത്രി വിശ്രമിക്കും.
ബുധനാഴ്ച
25-ന് രാവിലെ 7.30-ന് ഘോഷയാത്ര മുരിങ്ങമംഗലം ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 8 മണിക്ക് ചിറ്റൂർ മഹാദേവക്ഷേത്രത്തിലും 8.30ന് അട്ടച്ചാക്കലും 9 മണിയോടു കൂടി വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിലുമെത്തും. 10.30ന് മൈലാടുംപാറയിലും 12 മണിക്ക് മലയാലപ്പുഴ ക്ഷേത്രത്തിലും ഉച്ചയ്ക്ക് 1.15ന് മണ്ണാറക്കുളഞ്ഞി ക്ഷേത്രത്തിലും ഘോഷയാത്രയെത്തും. ഉച്ചക്ക് ശേഷം തുടരുന്ന ഘോഷയാത്ര 2.50ഓടു കൂടി റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രത്തിലും 3.30ഓടെ റാന്നി രാമപുരം ക്ഷേത്രത്തിലും എത്തും. വൈകുന്നേരം 5.30ന് ഇടക്കുളം ശാസ്‌താ ക്ഷേത്രത്തിലും വടശ്ശേരിക്കര ചെറുകാവ് ദേവീക്ഷേത്രം 7 മണിയോടു കൂടി വടശേരിക്കര പ്രയാർ മഹാവിഷ്‌ണു ക്ഷേത്രത്തിലും എത്തും. 7.45ന് മാടമൺ ക്ഷേത്രത്തിലെത്തുകയും 8.30ന് പെരുനാട് ക്ഷേത്രത്തില്‍ വിശ്രമിക്കുകയും ചെയ്യും.
വ്യാഴാഴ്‌ച
26ന് രാവിലെ എട്ട് മണിക്ക് ളാഹ സത്രത്തിലും 10 മണിക്ക് പ്ലാപ്പള്ളിയിവും 11 മണിക്ക് നിലക്കൽക്ഷേത്രത്തിലും 1.30ന് പമ്പയിലുമെത്തും. ഉച്ചക്ക് 1.45 മുതൽ തങ്ക അങ്കി ദർശനത്തിനായി തുറന്നുവെക്കും . വൈകീട്ട് ആറിന് സന്നിധാനത്തെത്തും.