പത്തനംതിട്ട: ആറന്മുള ഇടയാറൻമുളയിൽ വിദ്യാർഥി നിയെ വടികൊണ്ട് അടിച്ച അധ്യാപകനെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്‌തു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഷാനവാസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തില്‍ എഇഒയുടെ റിപ്പോർട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
അധ്യാപകർക്ക് വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകൻ പ്രഥമദൃഷ്ട്യ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
കേസ് ഇങ്ങനെ: പഠിപ്പിച്ച കണക്ക് നോട്ട് ബുക്കിൽ എഴുതാത്തതിന് വിദ്യാർഥിനിയെ ചൂരൽ കൊണ്ട് തല്ലിയെന്ന പരാതിയിലാണ് അധ്യാപകൻ അറസ്‌റ്റിലായത്. ആറന്മുള പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഇടയാറന്മുള എരുമക്കാട് ഗുരുക്കൻകുന്ന് ദൈവത്താൽ മെമ്മോറിയൽ ഗവൺമെന്‍റ് എൽപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിക്കാണ് അധ്യാപകന്‍റെ മർദനമേറ്റത്. തിങ്കളാഴ്‌ച (24.06.2023) ഉച്ചക്ക് രണ്ട് മണിക്ക് ശേഷം ക്ലാസ് മുറിയിലായിരുന്നു സംഭവം.
മെഴുവേലി ആലക്കോട് കാഞ്ഞിരംകുന്നിൽ ബിനോജ് കുമാറാണ് ആറന്മുള പൊലീസിന്‍റെ പിടിയിലായത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പിന് പുറമെ ബാലനീതി നിയമത്തിലെ 82(I) വകുപ്പും ചേർത്താണ് കേസെടുത്തത്. ബുക്കിൽ എഴുതാത്തതിനാൽ കുട്ടിയെ തറയിലിരുത്തി, തുടർന്ന് ഇയാള്‍ എഴുതാൻ ആവശ്യപ്പെട്ടു.
അപ്പോഴും എഴുതാതിരുന്നപ്പോഴാണ്, മേശയുടെ ഡ്രോയറിൽ നിന്നും ചൂരലെടുത്ത് വിദ്യാര്‍ഥിയെ അടിച്ചത്. കുട്ടിയുടെ ഇരു കൈകളിലും, കൈത്തണ്ടയിലും, ഇടതുകൈപ്പത്തിക്ക് പുറത്തും അടിയേറ്റ് ചുവന്നിരുന്നു.
കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത ആറന്മുള പൊലീസ്, അധ്യാപകന് നോട്ടീസ് അയച്ചു സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടർന്ന്, ഇന്ന് രാവിലെ സ്‌റ്റേഷനിലെത്തിയ ബിനോജിനെ പൊലീസ് ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതം നടത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്‌റ്റ് രേഖപ്പെടുത്തിയത്.
വിദ്യാര്‍ഥിയുടെ ആത്മഹത്യ അധ്യാപകന്‍ ശകാരിച്ചതിനെ തുടര്‍ന്ന്: അതേസമയം, അടുത്തിടെ പരീക്ഷയ്‌ക്ക് കോപ്പിയടിച്ചത് അധ്യാപകന്‍ കണ്ടെത്തിയതില്‍ മനംനൊന്ത് അപ്പാര്‍ട്‌മെന്‍റ് കെട്ടിടത്തിന്‍റെ 14-ാം നിലയില്‍ നിന്നും ചാടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തു. കര്‍ണാടകയിലെ സംപിഗേഹള്ളിയിലായിരുന്നു സംഭവം. നൂര്‍ നഗര്‍ ലേഔട്ടില്‍ താമസിക്കുന്ന മുഹമ്മദ് നൂര്‍, നോഹേറ ദമ്പതികളുടെ മകന്‍ മോഹിന്‍ ഖാനായിരുന്നു(15) ആത്മഹത്യ ചെയ്‌തത്.
ഹെഗ്ഡെ നഗറിലെ ഒരു സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു മോഹിന്‍ ഖാന്‍. സ്‌കൂളില്‍ സംഘടിപ്പിച്ച പരീക്ഷയ്‌ക്കിടയില്‍ മോഹിന്‍ കോപ്പിയടിച്ചത് അധ്യാപകന്‍ കണ്ടിരുന്നുവെന്നും വിദ്യാര്‍ഥിയെ താക്കീത് ചെയ്‌തിരുന്നുവെന്നും പൊലീസ് പറയുന്നു. അധ്യാപകന്‍ ശകാരിച്ചതില്‍ മനംനൊന്ത വിദ്യാര്‍ഥി ആരോടും പറയാതെ വീട്ടിലെത്തി.
തുടര്‍ന്ന് വൈകുന്നേരം ഏകദേശം അഞ്ച് മണിയായപ്പോള്‍ വീടിന്‍റെ അടുത്തുള്ള അപ്പാര്‍ട്‌മെന്‍റിന്‍റെ 14-ാം നിലയില്‍ എത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അപ്പാര്‍ട്‌മെന്‍റിലെ ഒരു താമസക്കാരന്‍ മോഹിനെ രക്ഷപ്പെടുത്താന്‍ കൈനല്‍കിയിരുന്നുവെങ്കിലും രക്ഷിക്കാനായില്ല. അപ്പാര്‍ട്‌മെന്‍റില്‍ മോഹിന്‍റെ സുഹൃത്ത് താമസിക്കുന്നതിനാല്‍ നിരന്തരം മോഹിന്‍ അവിടെ സന്ദര്‍ശനത്തിന് എത്തുമായിരുന്നു.
പതിവ് പോലെ മോഹിന്‍ സുഹൃത്തിനെ സന്ദര്‍ശിക്കാനെത്തിയതാണെന്ന് കരുതിയാണ് ഉള്ളിലേയ്‌ക്ക് കടത്തിവിട്ടതെന്ന് സുരക്ഷ ജീവനക്കാരന്‍ പറഞ്ഞു. സംഭവം സ്‌കൂളിന്‍റെയും സുരക്ഷ ജീവനക്കാരന്‍റെയും അനാസ്ഥ മൂലമാണെന്ന് മോഹിന്‍റെ മാതാപിതാക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് സംപിഗേഹള്ളി പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു.
അധ്യാപകന്‍റേത് ബാഡ് ടച്ച്: അതേസമയം, ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ തന്നെ തൊട്ടത് ബാഡ് ടച്ച് ആണെന്ന സ്‌കൂൾ വിദ്യാർഥിനിയുടെ മൊഴിയെ തുടർന്ന് അധ്യാപകന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി ആജ് സുദർശനാണ് അധ്യാപകന്‍റെ ജാമ്യാപേക്ഷ തള്ളിയത്. സ്‌കൂളിലെ സംഗീത അധ്യാപകനായ ജോമോനായിരുന്നു കേസിലെ പ്രതി.
പ്രതി പല തവണ തന്‍റെ ശരീരഭാഗങ്ങളിൽ തൊട്ടിട്ടുണ്ടെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. പല തവണ ഇതാവർത്തിച്ചത് ബാഡ് ടച്ചാണെന്ന് തോന്നിയതിനാലാണ് പരാതിപ്പെട്ടതെന്നും ഏഴാം ക്ലാസുകാരി പറഞ്ഞിരുന്നു. ക്ലാസ്റൂമിന്‍റെ പുറത്തുവച്ച് കാണുമ്പോഴൊക്കെ ഇഷ്‌ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും അധ്യാപകന്‍ പറഞ്ഞിട്ടുണ്ടെന്ന് വിദ്യാര്‍ഥിനി പൊലീസിനോട് പറഞ്ഞു.