പത്തനംതിട്ട: യുദ്ധം നടക്കുന്ന യുക്രൈനിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയതിന്‍റെ ആശ്വാസത്തിലാണ് അടൂർ തെങ്ങമം പ്രയാഗില്‍ അരവിന്ദന്‍റെ മകൾ ആര്‍ച്ച അരവിന്ദ്. യുക്രൈന്‍റെ തലസ്‌ഥാന നഗരമായ കീവിലെ ബോഗോമോളജ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ ആര്‍ച്ച അരവിന്ദ് ഫെബ്രുവരി 17ന് ഉച്ചയ്‌ക്ക് 12.30നാണ് തിരുവനന്തപുരം ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. യുദ്ധം തുടങ്ങുന്നതിന് മുൻപ് നാട്ടിലെത്തിയെങ്കിലും അവിടെ കുടുങ്ങിപ്പോയ സുഹൃത്തുക്കളെ ഓർത്താണ് അർച്ച ഇപ്പോൾ ആശങ്കപ്പെടുന്നത്.
ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നും കൃത്യമായ ഇടപെടൽ ഉണ്ടാവുന്നുണ്ടെന്നും എന്നാൽ യുദ്ധം നീണ്ടു പോയാൽ എന്തു സംഭവിക്കുമെന്ന ആശങ്കയിലാണ് യുക്രൈനിൽ കുടുങ്ങിപ്പോയ സുഹൃത്തുക്കളെന്നും ആർച്ച ഇടിവി ഭാരതിനോട് പറഞ്ഞു.
യുദ്ധഭീതിക്കൊപ്പം പഠനം മുടങ്ങുമോ എന്ന ആശങ്കയും
യുദ്ധഭീതിയ്ക്കു നടുവിൽ കഴിയുന്ന വിദ്യാർഥികൾ പഠനം മുടങ്ങുമോ എന്ന ആശങ്കയിലൂടെയാണ് കടന്നു പോകുന്നത്. യുദ്ധം ഉണ്ടാകില്ലെന്ന വിശ്വാസത്തിലായിരുന്നു വിദ്യാർഥികളിൽ ഭൂരിഭാഗവും. പലർക്കും പരീക്ഷകൾ നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഇതിനു പരിഹാരം കാണാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആർച്ച പറയുന്നു.
മടങ്ങിയെത്തുന്ന വിദ്യാർഥികൾക്ക് യുദ്ധം അവസാനിച്ച ശേഷം അവിടെ തിരികെയെത്തി പഠനം തുടരാൻ കഴിയുമെന്ന ഉറപ്പ് സർക്കാർ നൽകണം. ഇരു സർക്കാരുകളും ഇതിനായി തീരുമാനം ഉണ്ടാക്കി വിദ്യാർഥികളുടെ ആശങ്ക അകറ്റണമെന്നും ആർച്ച പറഞ്ഞു.
അതിശൈത്യം സഹിച്ച് മെട്രോ സ്റ്റേഷൻ അണ്ടർഗ്രൗണ്ടിൽ വിദ്യാർഥികൾ
അവിടെയുള്ള സുഹൃത്തുക്കളുമായി നിരന്തരം ഫോൺ വഴി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു വിഭാഗം വിദ്യാർഥികൾ യുക്രൈൻ തലസ്ഥാനമായ കീവിലെ മെട്രോ സ്റ്റേഷന്‍റെ അണ്ടർ ഗ്രൗണ്ടിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ബാക്കിയുള്ളവർ ഹോസ്റ്റലുകളിലാണ്. അവിടുത്തെ അതിശൈത്യവും സഹിച്ചാണ് വിദ്യാർഥികൾ അവിടെ കഴിയുന്നത്.
ഇപ്പോൾ പലരുടെയും കൈയിൽ പണമുണ്ട്. എന്നാൽ എടിഎമ്മുകളും ബാങ്കുകളും അടച്ചത് സ്ഥിതി വഷളാക്കുമെന്നും കടകൾ അടച്ചാൽ ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകുമെന്നും കൂട്ടുകാർ പറഞ്ഞതായി ആർച്ച പറയുന്നു.
ഉയർന്ന വിമാനനിരക്ക് വെല്ലുവിളി
ഉയർന്ന വിമാന നിരക്ക് താങ്ങാൻ പലർക്കും ആകില്ല. ഈ അവസ്ഥയിൽ അതിനും അടിയന്തര പരിഹാരം കാണാൻ സർക്കാർ ഇടപെടണം. എംബസി ഏർപ്പെടുത്തുന്ന വാഹന സൗകര്യം വഴിയേ രാജ്യാതിർത്തികളിൽ എത്താൻ കഴിയൂ. നൂറുകണക്കിന് കിലോമീറ്റർ ദൂരത്തിലാണ് അതിർത്തികളുള്ളത്. നിലവിൽ ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നും നിരന്തരമായ ബന്ധപ്പെടൽ ഉണ്ടാകുന്നുണ്ട്. അവരുടെ നിർദേശങ്ങൾ പാലിച്ചാണ് വിദ്യാർഥികൾ അവിടെ കഴിയുന്നതെന്നും ആർച്ച പറഞ്ഞു.
ഭക്ഷണത്തിന് ക്ഷാമം
യുദ്ധം തുടങ്ങിയതോടെ ജനങ്ങള്‍ ഭക്ഷണ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുകയാണ്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്‌ത് വയ്‌ക്കാന്‍ കോളജ് അധികൃതര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സഹായത്തിനായി എംബസി എമര്‍ജന്‍സി ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. യുക്രൈനും കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നുണ്ട്. ആരും പരിഭ്രമിക്കേണ്ടെന്ന സന്ദേശം യുക്രൈന്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് ആര്‍ച്ച പറഞ്ഞു.
സുഹൃത്തുക്കൾ നില്‍ക്കുന്ന ഭാഗത്ത് ഇതുവരെ പ്രശ്‌നങ്ങളില്ലെന്ന് ആര്‍ച്ച പറയുന്നു. കടകളില്‍ ക്ഷാമം നേരിട്ട് തുടങ്ങിയതായുള്ള ആശങ്ക സുഹൃത്തുക്കൾ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കു പുറമെ ജോലി ചെയ്യുന്ന മലയാളികളും ഇവിടെയുണ്ടെന്നും ആർച്ച ഇടിവി ഭാരതിനോട് പറഞ്ഞു.
Also Read: 'വെളളവും ഭക്ഷണവും തീർന്നു, ഞങ്ങളെ രക്ഷിക്കണം'; കീവിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ