പത്തനംതിട്ട: നഗരത്തിലെ പ്രധാന ജങ്ഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായിട്ട് ആഴ്‌ചകള്‍ പിന്നിട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം. കുമ്പഴ-തിരുവല്ല റോഡില്‍ നഗരത്തിലേക്കുള്ള പ്രവേശന കവാടമായ സെന്റ് പീറ്റേഴ്‌സ് ജങ്ഷനിലെ സിഗ്നല്‍ ലൈറ്റുകള്‍ തകരാറിലായിട്ട് ആഴ്‌ചകളായി. എന്നാല്‍ ഇതുവരെ ലൈറ്റുകള്‍ പുന:സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ അധികൃതര്‍ സ്വീകരിച്ചില്ലെന്നാണ് പരാതി. ഒരു മാസത്തിന് മുമ്പ് സിഗ്നല്‍ ലൈറ്റ് തകരാറിലായതിനെ തുടര്‍ന്ന് പ്രദേശത്ത് ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ലൈറ്റുകള്‍ ശരിയാക്കിയെങ്കിലും കഴിഞ്ഞ ആഴ്‌ച വീണ്ടും ലൈറ്റുകള്‍ തകരാറിലായി.
അബാൻ ജങ്ഷനില്‍ നഗരസഭ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ ആഴ്‌ചകാളി തകരാറിലായതിനെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ടാണ് ലൈറ്റുകള്‍ പുന:സ്ഥാപിച്ചത്.
സിഗ്നൽ ലൈറ്റുകൾ തകരാറിലാകുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുവെന്നും ആരോപണമുണ്ട്. തകരാറുകള്‍ പരിഹരിച്ച് സിഗ്നൽ ലൈറ്റുകള്‍ പുന:സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് സിപിഐ പത്തനംതിട്ട മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൾ ഷുക്കൂർ ആവശ്യപ്പെട്ടു.