പത്തനംതിട്ട: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. പ്രമാടം ളാക്കൂര്‍ മൂല പറമ്പിൽ കോളനിയില്‍ അജി (46), കാമുകി പുതുപറമ്പിൽ വീട്ടില്‍ സ്‌മിത (33) എന്നിവരെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
2017 ജൂണിലായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടാം പ്രതിയായ സ്‌മിത പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വീട്ടിലേക്ക് എത്തിക്കുകയും, ഇവിടെ വച്ച് ഒന്നാംപ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നുമാണ് കേസ്.
പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ഒന്നാം പ്രതിയായ അജിയ്ക്ക് 20 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പീഡനത്തിന് കൂട്ടുനിന്നതിന് സ്‌മിതയെയും 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. ഇവര്‍ 25000 രൂപ പിഴയും അടയ്ക്കണം.
പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്‌ജി ജയകുമാര്‍ ജോണ്‍ ആണ് വിധി പറഞ്ഞത്. കോന്നി പൊലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി.