ശബരിമല: വർഷത്തിൽ മൂന്ന് മാസം മാത്രം പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ്. തപാൽ മുദ്രയായി പതിപ്പിക്കുന്നത് പതിനെട്ടാം പടിമേലെ ഇരിക്കുന്ന അയ്യപ്പന്റെ രൂപവും. ഇതൊക്കെയാണ് ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസിന്‍റെ പ്രത്യേകതകള്‍. ഇത്തരത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക പോസ്റ്റ് ഓഫീസാണ് ശബരിമല മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ളത്. 1960 ലാണ് ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ശബരിമലയിൽ ആരംഭിച്ചത്. ഇപ്പോൾ സബ് പോസ്റ്റ് ഓഫീസാണ്. 1975 മുതലാണ് അയ്യപ്പന്റെ ചിത്രമുള്ള മുദ്ര പതിപ്പിച്ച് തുടങ്ങിയത്. വിവാഹ ക്ഷണക്കത്തുകളും, ഗൃഹപ്രവേശന ക്ഷണകത്തുകളും, അയ്യപ്പന് നന്ദി അറിയിച്ചുള്ള കത്തുകളും തുടങ്ങി ഭക്തരുടെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം അയ്യപ്പന്റെ വിലാസത്തിൽ ഇവിടെ എത്താറുണ്ട്. അയ്യപ്പന്റെ പേരിലെത്തുന്ന മണി ഓര്‍ഡറുകളും നിരവധിയാണ്. ഇവയെല്ലാം ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറെ ഏൽപ്പിക്കാറാണ് പതിവ്. ശബരിമലയിലെത്തുന്ന ഭക്തരിൽ പലരും സന്നിധാനത്തെ പോസ്റ്റ് ഓഫീസിൽ എത്തി വീടുകളിലേക്ക് കത്തയക്കാറുണ്ട്. അയ്യപ്പ മുദ്രപതിപ്പിച്ച കത്ത് വീട്ടിലെത്തുന്നതും അനുഗ്രഹമായാണ് ഭക്തർ കാണുന്നത്.
മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് 66 ദിവസവും വിഷുവിന് 10 ദിവസവുമാണ് ഈ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഒരു പോസ്റ്റ് മാസ്റ്റര്‍, രണ്ട് പോസ്റ്റ്മാന്‍, മൂന്ന് ഗ്രൂപ്പ് ഡി ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ ആറുപേരാണ് ഇവിടെയുള്ളത്. കത്തുകള്‍, മണി ഓര്‍ഡര്‍ എന്നിവ ഇവിടെ നിന്ന് അയക്കാം. കൂടാതെ ഉദ്യോസ്ഥരുടെ ശമ്പളം, മൊബൈൽ റീചാർജിങ്ങ് തുടങ്ങിയ സേവനങ്ങൾക്ക് പുറമേ സ്വന്തം ഫോട്ടോയും ശബരിമലയുടെ ചിത്രവും ചേർത്ത് മൈ സ്റ്റാമ്പും ഇവിടെ നിന്നും നിർമിച്ച് നൽകും.