പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയതിൽ രാഷ്ട്രീയ വിരോധവും മുൻ വിരോധവുമെന്ന് റിമാൻഡ് റിപ്പോർട്ട്. തിരുവല്ല ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു രഘു(23), വേങ്ങൽ നന്ദു ഭവനിൽ നന്ദു അജി (24), ചങ്ങനാശ്ശേരി പായിപ്പാട് കൊച്ചുപറമ്പിൽ വീട്ടിൽ പ്രമോദ്(23), കണ്ണൂർ ചെറുപുഴ കുന്നിൽ മുഹമ്മദ് ഫൈസല്‍(22), ആലംതുരുത്തി പാറത്തറതുണ്ടിൽ വിഷ്ണു കുമാർ (അഭി-25) എന്നിവരാണ് കേസിലെ പ്രതികള്‍. ബിജെപി പ്രവർത്തകരായ പ്രതികൾക്ക് സിപിഎം പ്രവർത്തകനായ സന്ദീപിനോടുള്ള മുന്‍ വൈരാഗ്യ മൂലം കൊല്ലണമെന്നുള്ള ഉദ്ദേശ്യത്തോടെയാണ് കൃത്യം നിര്‍വഹിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിന്‍റെ തുടക്കത്തിൽ പറയുന്നു.
തുടർന്ന് റിമാൻഡ് റിപോർട്ടിൽ പറയുന്നതിങ്ങനെ
കൊല്ലപ്പെട്ട സന്ദീപിനോട് കേസിലെ ഒന്നാം പ്രതി യുവമോർച്ച പ്രവർത്തകനായിരുന്ന ജിഷ്ണു രഘുവിനുള്ള രാഷ്ട്രീയ വിരോധവും മറ്റ് മുൻ വിരോധവും നിമിത്തം സന്ദീപിനെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി കേസിലെ മറ്റു പ്രതികളും ചേർന്നു മാരകയുധങ്ങളുമായെത്തി കൃത്യം നടത്തി. ഒന്നാം പ്രതി ജിഷ്ണുവിനോപ്പം രണ്ട് മുതൽ അഞ്ചു വരെ പ്രതികളായ നന്ദു അജി, പ്രമോദ്, മുഹമ്മദ് ഫൈസല്‍, വിഷ്ണു കുമാർ (അഭി) എന്നിവർ കൃത്യത്തെ കുറിച്ച് മനസിലാക്കി തന്നെ സംഘം ചേർന്ന് കത്തി, വടിവാൾ എന്നിവ കൈവശം വച്ച് അക്രമം നടത്തി.
സംഭവ ദിവസം ചാത്തങ്കരിയ്ക്ക് പോകുന്ന റോഡിനു സമീപമുള്ള കലുങ്കിൽ നിൾക്കുകയായിരുന്നു സന്ദീപ്. ഈ സമയം സ്ഥലത്തെത്തിയ ജിഷ്ണു കൈകൊണ്ട് സന്ദീപിന്റെ മുഖത്തടിച്ചു. ഈ സമയം അഭി സന്ദീപിനെ ബലമായി പിടിച്ച് നിർത്തിയപ്പോൾ നന്ദു ഇരുമ്പ് കമ്പിക്കൊണ്ട് സന്ദീപിനെ അടിച്ചു. പ്രമോദ് മറ്റൊരു ഇരുമ്പ് പൈപ്പു കൊണ്ടും അടിച്ചു. ഇതിനിടെ മുഹമ്മദ് ഫൈസൽ വടിവാൾ കൊണ്ട് വെട്ടാൻ ചെന്ന സമയം കുതറിയോടിയ സന്ദീപ് സമീപമുള്ള വൈപ്പിന പുഞ്ചയിലേക്ക് ചാടി. സന്ദീപിനൊപ്പം പുഞ്ചയിലേക്ക് ചാടിയ ജിഷ്ണു സന്ദീപിനെ അവിടെയിട്ട് തുരുതുരാ കുത്തി. ഈ സമയം ആളുകൾ കൂടാതിരിയ്ക്കാൻ മറ്റ് പ്രതികൾ ചേർന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൃത്യത്തിന് ശേഷം പ്രതികൾ ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കേസ് അന്വേഷണത്തിന്‍റെ തുടക്കത്തിൽ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നു പറഞ്ഞ പൊലീസ് എഫ്‌ഐആറില്‍ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന പൊലീസ് വിശദീകരണം സിപിഎം പ്രാദേശിക നേതൃത്വവും സംസ്ഥാന നേതൃത്വവും തുടക്കത്തിലേ തള്ളി രംഗത്തു വന്നിരുന്നു. സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുൾപ്പെടെ പരസ്യ വിമർശനം നടത്തിയിരുന്നു. അന്വേഷണം കഴിയാതെ രാഷ്ട്രീയ കൊലപാതകമല്ലെന്ന ബിജെപി വാദം പൊലീസ് ഏറ്റെടുക്കരുതെന്നും സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കണമെന്നുമാണ് സംസ്ഥാന സെക്രട്ടറി അറിയിച്ചത്. പിന്നാലെയാണ് എഫ്‌ഐആറിലെ മാറ്റം. എന്നാൽ അറസ്റ്റിലായരില്‍ മൂന്ന് പേര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചിരുന്നു. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നു ബിജെപി, ആർഎസ്എസ് നേതൃത്വം പ്രസ്താവനയിറക്കിയിരുന്നു.