പത്തനംതിട്ട : ആചാരങ്ങള്‍ പാലിച്ച് മുന്‍ വര്‍ഷങ്ങളിലെ പോലെ തിരുവാഭരണ ഘോഷയാത്ര നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍. തിരുവാഭരണ ഘോഷയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ജനുവരി 12ന് ഉച്ചയ്ക്ക് ഒന്നിന് തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും. തീര്‍ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ മുഖേനയും, സ്‌പോട്ട് ബുക്കിങ് മുഖേനയും ശബരിമല ദര്‍ശനത്തിന് സൗകര്യമുണ്ട്. തിരുവാഭരണം വഹിക്കുന്നവര്‍ക്കും ഇവരുടെ കൂടെ എത്തുന്നവര്‍ക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കും. തിരുവാഭരണ ഘോഷയാത്രയ്ക്ക് ദേവസ്വം ബോര്‍ഡ് കുടിവെള്ള വിതരണം, ലഘുഭക്ഷണം, താമസ സൗകര്യം ഉള്‍പ്പടെ അവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കും.
തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രത്യേക പാസ് നല്‍കും. പുല്ലുമേട് പാത യാത്രായോഗ്യമാക്കാന്‍ വനം വകുപ്പിനോട് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സേവനം ഉറപ്പാക്കേണ്ടതുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ആചാരപരമായും, തിരുവാഭരണ ഘോഷയാത്രയുടെ പ്രൗഢി നിലനിര്‍ത്തിയും വേണ്ട ഒരുക്കങ്ങള്‍ നടത്തുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.
ALSO READ:മത്സ്യത്തൊഴിലാളിയായ യുവാവിനെ പുന്നപ്ര പൊലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി
തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്ന് ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പാതയിലെ കാട് വെട്ടിത്തെളിക്കല്‍ ഉടന്‍ പൂര്‍ത്തിയാകും. തിരുവാഭരണ പാതയിലെ ഓരോ കേന്ദ്രങ്ങളിലെയും ക്രമീകരണങ്ങള്‍ ബന്ധപ്പെട്ടവര്‍ മുന്‍കൂട്ടി ഉറപ്പാക്കണം. വഴിവിളക്കുകള്‍, കുടിവെള്ള വിതരണം, സുരക്ഷാക്രമീകരണം, പാര്‍ക്കിങ്, മകരജ്യോതി ദര്‍ശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങള്‍ സമയബന്ധിതമായി ഉറപ്പാക്കണം. തിരുവാഭരണ പാത കടന്നുപോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികൃതര്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണം.
മകരവിളക്കിനോട് അനുബന്ധിച്ച് അവശ്യമായ ജീവനക്കാരെ വിവിധ വകുപ്പുകള്‍ സേവനത്തിന് ഒരുക്കിയിട്ടുള്ളതായും ജില്ല കലക്ടര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ പ്രശംസനീയമാണെന്നും ആചാരം സംരക്ഷിച്ച് അവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നും പന്തളം രാജകൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ പറഞ്ഞു.
യോഗത്തില്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. മനോജ് ചരളേല്‍, ജില്ല പഞ്ചായത്ത് അംഗം അജയകുമാര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ഗോപി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രേഖ അനില്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന ജനപ്രതിനിധികള്‍, വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.