പത്തനംതിട്ട: സന്നിധാനത്ത് തായമ്പക അവതരിപ്പിച്ച് കണ്ണൂർ ചെറുതാഴം ശ്രീഹരിയും സംഘവും. ചെറുതാഴം ഗോപാലകൃഷ്‌ണന്‍, കറൽമണ്ണ അശോകൻ, പനമുക്ക് രാം പ്രസാദ്, പനമുക്ക് ഹരീഷ്, പനമുക്ക് അഖിൽ, പനമുക്ക് നിധീഷ്, കാങ്കോൽ സൂരജ്, തലശേരി അഭിനവ് എന്നിവരാണ് ചെണ്ടയിൽ താളവിസ്‌മയം തീർത്തത്. ബഹ്‌റൈൻ പ്രവാസിയായ ശ്രീഹരി കഴിഞ്ഞ 27 നാണ് നാട്ടിലെത്തിയത്.
സന്നിധാനത്ത് പരിപാടി അയ്യപ്പനുള്ള അർച്ചനായണെന്നും അതിന് അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്നും ശ്രീഹരി പറഞ്ഞു. മട്ടന്നൂർ ശിവരാമ മാരാരുടെ ശിഷ്യനും പ്രമുഖ മദ്ദളം കലാകാരനായ ചെറുതാഴം ഗോപാലകൃഷ്‌ണമാരാരുടെ മകനുമാണ് അദ്ദേഹം.
പ്രസാദ വിതരണം: അധിക കൗണ്ടര്‍ തുറക്കും
പ്രസാദ വിതരണത്തിന്‍റെ തിരക്ക് കുറയ്ക്കുന്നതിന് നിലവിലെ പ്രസാദ മണ്ഡപത്തിന് സമീപം ഒരു കൗണ്ടർ കൂടി തുറക്കും. ദേവസ്വം ബോർഡ് എക്‌സിക്യൂട്ടിവ് ഓഫിസർ വി കൃഷ്‌ണകുമാര വാര്യർ അറിയിച്ചു. നിലവിൽ മൂന്നുകൗണ്ടറുകൾ മാളികപ്പുറത്തും 10 കൗണ്ടറുകൾ പ്രസാദ മണ്ഡപത്തിന് സമീപവും പ്രവർത്തിക്കുന്നുണ്ട്.
ഇതിൽ മൂന്നുകൗണ്ടറുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഒരു കൗണ്ടർ കൂടി തുടങ്ങുന്നതോടെ പ്രസാദ വിതരണ സ്ഥലത്തെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: 'കുസൃതി കൂടി'; ഇടുക്കിയിൽ അഞ്ചര വയസുകാരനോട് അമ്മയുടെ കൊടും ക്രൂരത