പത്തനംതിട്ട : നിറപുത്തരി മഹോൽസവത്തിന്‍റെ ഭാഗമായി ശബരിമല ശ്രീ ധർമ്മശാസ്ത ക്ഷേത്രം നാളെ ( 09.08.2023) വൈകിട്ട് 5 മണിക്ക് തുറക്കും. ചിങ്ങമാസത്തിലെ ഓണ നാളുകളിലെ പൂജകള്‍ ഈ മാസം 16 മുതല്‍ 21 വരെയായിരിക്കും. 10-ാം തീയതി പുലർച്ചെ 5:45നും 6:15-നും മദ്ധ്യേ നിറപുത്തരി ചടങ്ങുകൾ നടക്കും. നിറപുത്തരിയുടെ ഭാഗമായി എത്തിക്കുന്ന നെൽക്കതിരുകൾ 10ന് പുലർച്ചെ പതിനെട്ടാം പടിയിൽ നിന്ന് സ്വീകരിച്ച ശേഷം ഗണപതി ഹോമം നടക്കുന്ന മണ്ഡപത്തിൽ എത്തിക്കും.
തന്ത്രി കണ്ഠര് രാജീവരര് നെൽക്കതിരുകൾ പൂജിച്ച് ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിനുള്ളിലേക്ക് കൊണ്ടുപോയി ഭഗവാന് മുന്നിൽ കതിരുകൾ വച്ച് പ്രത്യേക പൂജ നടത്തും. ശേഷം, നട തുറന്ന് പൂജിച്ച നെൽക്കതിരുകൾ ശ്രീകോവിലിന് മുൻപിൽ കെട്ടിയിടും തുടർന്ന് ഭക്തർക്ക് നെൽക്കതിരുകൾ പ്രസാദമായി വിതരണം ചെയ്യും. നിറപുത്തരി ചടങ്ങുകൾ പൂർത്തിയാക്കി ക്ഷേത്രനട രാത്രി 10:00 മണിക്ക് അടയ്ക്കും.
ചിങ്ങമാസ പൂജകൾക്കായി 16-ാം തീയതി നട തുറക്കും. 21 ന് രാത്രി പൂജകൾ പൂർത്തിയാക്കി തിരുനട അടയ്ക്കും. ചിങ്ങം ഒന്ന് ആരംഭിക്കുന്നത് 17 ന് ആണ്. ഓണ നാളുകളിലെ പൂജകൾക്കായി ആഗസ്റ്റ് 27 ന് ശബരിമല നട തുറന്ന് 31ന് നട അടയ്ക്കും.
ഓണ നാളുകളിൽ ശബരിമലയിലെത്തുന്ന ഭക്തർക്കായി ഓണസദ്യയും ഒരുക്കുന്നുണ്ട്. ഭക്തർക്ക് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനത്തിനെത്തിച്ചേരാവുന്നതാണ്. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗങ്ങളായ അഡ്വ.എസ്.എസ്. ജീവൻ, ജി. സുന്ദരേശൻ, ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ്, ദേവസ്വം സെക്രട്ടറി ജി. ബൈജു, ചീഫ് എഞ്ചീനിയർ ആർ. അജിത്ത് കുമാർ തുടങ്ങിയവർ നിറപുത്തരി പൂജ ദിനത്തില്‍ ശബരി മല സന്നിധിയിൽ ഉണ്ടാകും.
നിറപുത്തരി ഇല്ലംനിറ എന്ന പേരിലും പറയപ്പെടുന്നുണ്ട്. ഐശ്വര്യത്തിന്‍റെയും സമ്പത്തിന്‍റെയും പ്രതീകമായാണ് ഈ ചടങ്ങിനെ കണകാക്കുന്നത്. ഈ ദിവസങ്ങളില്‍ ഇവിടെ നിന്നും കൊടുക്കുന്ന പ്രസാദമായ കതിരുകള്‍ വീടുകളില്‍ സുക്ഷിക്കുന്നതിലൂടെ വീടുകളില്‍ ഐശ്വര്യ ദേവത കുടിയിരിക്കും എന്നാണ് വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ ഇത് വീടുകളില്‍ ഐശ്വര്യം കൊണ്ടുവരും എന്നതാണ് വിശ്വാസം.
also read : ശബരിമല അന്താരാഷ്‌ട്ര വിമാനത്താവളം : ടിഒആറിനായി പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ശുപാര്‍ശ