അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം എക്കാലവും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം ആക്കാറുള്ള ബിജെപി ഇത്തവണ ദക്ഷിണേന്ത്യയില്‍ പയറ്റുന്നത് ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയും അതേ തുടർന്നുള്ള സർക്കാർ നടപടികളുമാണ്. വിശ്വാസ സ്വാതന്ത്ര്യം പ്രധാന രാഷ്ട്രീയ വിഷയമാക്കി മാറ്റാൻ കഴിഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മുൻപെങ്ങുമില്ലാത്ത വിധം കേരളത്തിന്‍റെ രാഷ്ട്രീയവും നിലപാടുകളും ദക്ഷിണേന്ത്യയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2018 സെപ്റ്റംബര്‍ 28ന് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ ചരിത്രമെന്ന് കയ്യടിച്ചവരാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും. പക്ഷേ ആ കയ്യടിക്ക് ദീർഘായുസുണ്ടായില്ല. സ്ത്രീ പ്രവേശന വിധിയെ രാഷ്ട്രീയമായി എങ്ങനെ ഗുണകരമാക്കാം എന്നാണ് പിന്നീട് രാഷ്ട്രീയ പാർട്ടികൾ ആലോചിച്ചത്. വിശ്വാസി സമൂഹത്തില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയുടെ ആഴം മുതലാക്കി രാഷ്ട്രീയ നേട്ടം കൊയ്യുന്നവരെയാണ് പിന്നീട് കേരളം കണ്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ നിലപാടുകള്‍ മാറിമറിഞ്ഞു. കോടതി വിധിയെ വിശ്വാസത്തിന് വേണ്ടി മാറ്റിമറിക്കാൻ ശബരിമലയെ സംഘർഷഭൂമിയാക്കാനാണ് പിന്നീട് ശ്രമം നടന്നത്.
ബിജെപിയാണ് ശബരിമലയുടെ സ്വാധീനം ആദ്യം മനസിലാക്കിയത്. ദക്ഷിണേന്ത്യയിലെ അയോദ്ധ്യയായി ശബരിമലയെ കാണാനും അവിടെ രാമക്ഷേത്രത്തിന് പകരം സ്ത്രീ പ്രവേശനത്തിന് എതിരായി വിശ്വാസികളെ അണിനിരത്താനും സാധിച്ചതോടെ ബിജെപി വലിയ രാഷ്ട്രീയ മുന്നേറ്റം നടത്തി. ആദ്യം അത് കണ്ടു നിന്ന കോൺഗ്രസ് സ്വന്തം കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തടയാൻ ശ്രമം തുടങ്ങിയപ്പോഴേക്കും വൈകിപ്പോയി. അതോടെ കേരളത്തിലെ ഇടതുപക്ഷ സർക്കാരും നിലപാട് കടുപ്പിച്ചു. സ്ത്രീകൾക്ക് ശബരിമലയില്‍ പ്രവേശനം നല്‍കാൻ പിണറായി സർക്കാർ രണ്ടും കല്‍പ്പിച്ച് ശ്രമം നടത്തി. ശബരിമലയ്ക്ക് ഒപ്പം സംസ്ഥാനം മുഴുവൻ യുദ്ധക്കളമായി. അക്രമവും ഹര്‍ത്താലുകളും കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിലെ കറുത്ത പാടായി അവശേഷിച്ചു. വിശ്വാസത്തിലൂന്നിയ രാഷ്ട്രീയത്തിന്‍റെ വളർച്ച ഇപ്പോൾ ദക്ഷിണേന്ത്യ മുഴുവന്‍ കാതോര്‍ക്കുന്നുണ്ട്. മോദി സര്‍ക്കാരിന്‍റെ കാലത്ത് "ഹിന്ദുത്വ പ്രകടനങ്ങളെ" ശക്തമായി അപലപിച്ചും പ്രതിരോധിച്ചും കടന്നാക്രമിച്ചും കേരളം സ്വീകരിച്ച നിലപാടുകള്‍ക്ക് രാജ്യത്താകമാനം പ്രശംസ ലഭിച്ചിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ നിന്ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മതവും ആരാധനയും ആചാരങ്ങളും മാറിയതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ താല്‍പര്യങ്ങൾ ഉണ്ടെന്നതില്‍ തർക്കമില്ല.
2014ലെ സര്‍വാധിപത്യത്തില്‍ നിന്ന് 2019 ല്‍ വീണ്ടും അധികാരത്തിലെത്തണമെങ്കില്‍ ദക്ഷിണേന്ത്യയില്‍ 100 മുതല്‍ 120 വരെ സീറ്റ് നേടണമെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. മോദി ഫാക്ടര്‍ മങ്ങിയതും പ്രതിപക്ഷത്തിന്‍റെ ഒത്തുചേരലുകളും രാഹുല്‍ ഗാന്ധിയുടെ മാറിയ രാഷ്ട്രീയവതാരവും ബിജെപി ക്യാമ്പില്‍ സൃഷ്ടിക്കുന്ന ആശങ്ക ചെറുതൊന്നുമല്ല. വാഗ്ദാനങ്ങളും അമിത പ്രതീക്ഷകളും ജനങ്ങളില്‍ സൃഷ്ടിച്ച നിരാശ തിരിച്ചടിയാകുമെന്ന ബോധ്യവും ബിജെപിക്കുണ്ട്. സാക്ഷി മഹാരാജും യോഗി ആദിത്യനാഥും അടക്കമുള്ള സ്ഥിരം വിദ്വേഷ പ്രാസംഗികർക്കപ്പുറം അമിത്ഷായും മോദിയും വരെ മത വിശ്വാസങ്ങളെയും തീവ്രദേശീയതയെയും വല്ലാതെ കൂട്ടു പിടിക്കുകയാണ്. ഏറ്റവും ഒടുവില്‍ കെ. സുരേന്ദ്രനും സുരേഷ് ഗോപിയും വരെ അത്തരം പ്രസംഗങ്ങളും ശബരിമലയുടെ സംരക്ഷകരാണെന്ന പ്രചാരണവും കൊണ്ടുപിടിച്ചു നടത്തുകയാണ്. ഹിന്ദുത്വ അജണ്ടകളും മോദിയുടെ വികസന നായക പരിവേഷവും വലിയ രീതിയില്‍ ചെലവാകാത്ത തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വീണ് കിട്ടിയ ആയുധമാണ് ശബരിമല. ഇപ്പോഴില്ലെങ്കില്‍ പിന്നൊരിക്കലുമില്ലെന്ന തരത്തിലാണ് ബിജെപിയുടെ പ്രചാരണ തന്ത്രങ്ങള്‍. മോദിയും അമിത്ഷായും മുതല്‍ ഉത്തര ഭാരതത്തിനപ്പുറം കണ്ടിട്ടില്ലാത്ത നേതാക്കളെ വരെ ദക്ഷിണേന്ത്യയിലേക്കെത്തിക്കുന്നുണ്ട് ബിജെപി നേതൃത്വം. കേരളത്തില്‍ രണ്ട് സീറ്റുകളില്‍ വിജയം നേടാമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതീക്ഷ. ശബരിമല അപ്രവചനാതീതമാക്കിയ പത്തനംതിട്ടയും സംഘപരിവാറിന് ഏറ്റവും വേരോട്ടമുള്ള തലസ്ഥാനവും ഇത്തവണ പിടിച്ചെടുക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വിശ്വാസം എന്ന ചെപ്പടിവിദ്യയിലൂടെ ദക്ഷിണേന്ത്യയെ സ്വന്തം വോട്ട് ബാങ്ക് ആക്കാം എന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ എത്രത്തോളം വിജയിക്കും എന്നറിയാൻ മെയ് 23 വരെ കാത്തിരിക്കണം. പ്രധാനമന്ത്രി പദത്തിലേക്ക് ലക്ഷ്യമിടുന്ന മോദിക്കും രാഹുലിനും കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടുകൾ വളരെ നിർണായകമാണ്. .