പത്തനംതിട്ട: തീർത്ഥാടനം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ശബരിമല പാതയിലെ എല്ലാ പൊതുമരാമത്തു റോഡുകളും യുദ്ധകാല അടിസ്ഥാനത്തില്‍ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ശബരിമല പാതയുടെ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനും കാലവര്‍ഷക്കെടുതിയില്‍ റോഡുകള്‍ക്കുണ്ടായ തകര്‍ച്ച ചര്‍ച്ച ചെയ്യാനുമായി ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വര്‍ക്കിംഗ് കലണ്ടര്‍ തയ്യാറാക്കും
12നകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. പ്രവൃത്തികള്‍ വിലയിരുത്തുന്നതിനായി പ്രത്യേക വര്‍ക്കിംഗ് കലണ്ടര്‍ തയാറാക്കും. 2022 ജനുവരി 15 മുതല്‍ മേയ് 15വരെയുള്ള പ്രവൃത്തികള്‍ ഇതുപ്രകാരം വിലയിരുത്തും. പുരോഗതികള്‍ വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥ തല യോഗങ്ങള്‍ ചേര്‍ന്നിരുന്നു.
ശബരിമല പാത ഉള്‍പ്പെടുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ റോഡ് നവീകരണ പ്രവൃത്തികളാണ് വിലയിരുത്തിയത്. പ്രധാന തീര്‍ഥാടന പാതയായ പുനലൂര്‍- മൂവാറ്റുപുഴ റോഡിന്‍റെ പ്രവര്‍ത്തി പുരോഗമിക്കുകയാണ്. കെഎസ്‌ടിപിയില്‍ ഉള്‍പ്പെടുത്തിയാണ് ഇതിന്‍റെ നിര്‍മാണം.
Also Read: ശ്രീനഗറില്‍ പൊലീസുകാരനെ ഭീകരർ വെടിവെച്ചു കൊന്നു
പുനലൂര്‍ -കോന്നി റീച്ചിന്‍റെ നിര്‍മാണം വേഗത്തില്‍ നടക്കുന്നുണ്ട്. കോന്നി - പ്ലാച്ചേരി റീച്ചിന്‍റെ നിര്‍മാണവും പുരോഗമിക്കുകയാണ്. രാത്രിയും പകലുമായി നിര്‍മാണം. നിര്‍മാണങ്ങള്‍ക്ക് മഴ ഒരു പ്രധാന തടസമാണ്. സംസ്ഥാനത്തു തന്നെ ഏറ്റവും അധികം മഴ ലഭിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്.
തീര്‍ഥാടന പാതയായ മണ്ണാറക്കുളത്തി- ചാലക്കയം പാതയും അടിയന്തര പ്രാധാന്യത്തില്‍ ഗതാഗത യോഗ്യമാക്കും. എല്ലാ റോഡുകളുടെയും വശങ്ങളിലെ കാട് നീക്കം ചെയ്യും. റാന്നി ചെറുകോല്‍പ്പുഴ തിരുവാഭരണ പാതയും വേഗത്തില്‍ നവീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവര്‍ത്തി വിലയിരുത്തുന്നതിന് പ്രത്യേക സമിതി
ശബരിമല പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവ റാവുവിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി, വിവിധ വകുപ്പ് മന്ത്രിമാര്‍, എംഎല്‍എമാര്‍, മൂന്ന് ജില്ലകളിലേയും കലക്ടര്‍മാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വിവിധ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ശബരിമല തീര്‍ഥാടനം സുഗമമാക്കുക എന്നത് സര്‍ക്കാരിന്‍റെ ഒന്നാം പരിഗണനയാണെന്നും മന്ത്രി പറഞ്ഞു.