പത്തനംതിട്ട : ഈ മണ്ഡലകാലത്ത് ശബരിമല തീർഥാടകർക്കായി പുല്ലുമേട് കാനനപാത തുറന്ന് നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ. ശബരിമലയിലേക്കുള്ള എല്ലാ പാതകളും തുറക്കാനാണ് തീരുമാനം. കഴിഞ്ഞ സീസണിൽ കരിമല കാനനപാത മാത്രമാണ് തുറന്നുനൽകിയിരുന്നത്.
കാനനപാതകൾ സഞ്ചാരയോഗ്യമാക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങും. മണ്ഡലകാലം മുതൽ ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം പൂർണമായും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുക്കും. ഇതിനുള്ള ക്രമീകരണങ്ങൾ നടക്കുകയാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.
12 കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യം ഒരുക്കും. കഴിഞ്ഞ തവണ 11 കേന്ദ്രങ്ങളിലായിരുന്നു സ്പോട്ട് ബുക്കിങ്. ഇത്തവണ ചെങ്ങന്നൂരിലും സ്പോട്ട് ബുക്കിങ് കൗണ്ടർ തുറക്കും.മാസപൂജ സമയത്ത് വെർച്വൽ ക്യൂ ബുക്കിങ്ങിന് പൊലീസിന്‍റെ സഹായം തേടും. മണ്ഡലകാലം മുതൽ ഇത് പൂർണമായും ബോർഡ് ഏറ്റെടുക്കാനാണ് തീരുമാനം.
ശബരിമല തീർഥാടന കാലത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പരാതിരഹിതമായി ക്രമീകരണങ്ങൾ പൂർത്തിയാക്കുമെന്നും കെ.അനന്തഗോപൻ പറഞ്ഞു.