പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനമായി ലഭിച്ചുവെന്നും 29 ലക്ഷത്തിലേറെ തീർഥാടകർ എത്തിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപൻ അറിയിച്ചു. 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്.
222,98,70,250 രൂപയാണ് മൊത്തവരുമാനം. 70,10,81,986 രൂപ കാണിക്കയും. 29,08,500 തീർഥാടകർ എത്തി. ഇതിൽ 20 ശതമാനത്തോളം കുട്ടികളാണ്. 2 വർഷത്തോളം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വർധിക്കാൻ കാരണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. കുട്ടികൾക്കും അംഗപരിമിതർക്കും പ്രായമായർക്കും വേണ്ടി ഇക്കുറി ഏർപ്പെടുത്തിയ പ്രത്യേക ക്യൂ ഫലപ്രദമാണ്. പരമാവധി പരാതി കുറച്ച് തീർഥാടനം ഇക്കുറി പൂർത്തിയാക്കാനായെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
ഒരു ദിവസം മാത്രമാണ് ദർശനത്തിന് ആളുകൾക്ക് കൂടുതൽ നേരം നിൽക്കേണ്ടി വന്നതായി ആക്ഷേപമുയർന്നത്. ശബരിമലയിൽ തിരക്ക് സ്വാഭാവികമാണ്. എന്നാൽ, സാധാരണയിൽ കൂടുതൽ നേരം ഭക്തർക്ക് അയ്യപ്പദർശനത്തിന് കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായാൽ അത് പരിശോധിക്കുന്നതാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപൻ പറഞ്ഞു.
ദേവസ്വം ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന വാര്‍ത്ത സമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. എസ് എസ് ജീവൻ, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ എച്ച് കൃഷ്‌ണകുമാർ, ബോർഡ് ചീഫ് എൻജിനീയർ ആർ അജിത് കുമാർ, വിജിലൻസ് എസ് പി സുബ്രഹ്മണ്യം എന്നിവർ പങ്കെടുത്തു.
മണ്ഡലപൂജയ്ക്ക് മുന്നോടിയായി വിഭവ സമൃദ്ധമായ സദ്യ: ശബരിമലയിൽ മണ്ഡലകാല മഹോത്സവത്തിന് സമാപനം കുറിച്ചുള്ള മണ്ഡലപൂജ ഇന്ന് നടക്കും. മണ്ഡലപൂജയ്ക്ക് മുന്നോടിയായി ഇന്നലെ സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഭവ സമൃദ്ധമായ സദ്യ ഒരുക്കി. ദേവസ്വം മെസ് ഹാളിൽ ഒരുക്കിയ സദ്യയ്ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപൻ ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു. വിഭവങ്ങൾ ഇലയിൽ വിളമ്പി ഭഗവാന് സമർപ്പിച്ചുകൊണ്ട് മണ്ഡല പൂജ സദ്യ ആരംഭിച്ചു.
'പവിത്രം ശബരിമല': തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ 'പവിത്രം ശബരിമല' എന്ന പേരിൽ ശുചീകരണ പ്രവർത്തനം നടത്തി. ഇന്നലെ രാവിലെ 9.30 മുതലാണ് സന്നിധാനത്ത് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ദേവസ്വം ബോർഡ് ബുക്ക് സ്റ്റാളിൽ നിന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
പതിനെട്ടാം പടിയ്ക്ക് സമീപവും പൂങ്കാവനം ഓഫിസിനു സമീപവുമുള്ള മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്‌തു. സന്നിധാനത്ത് വിവിധ ഇടങ്ങളിൽ ചാക്കുകളിലും മാലിന്യനിക്ഷേപ ബിന്നുകളിലുമുണ്ടായിരുന്ന മാലിന്യങ്ങളും നീക്കി. ശുചീകരണ പ്രവർത്തനങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്‍റും പങ്കാളിയായി.
ദേവസ്വം ബോർഡിന് പുതിയ ട്രാക്‌ടർ: ശബരിമല സന്നിധാനത്ത് ദേവസ്വം ബോർഡിന് പുതിയ ട്രാക്‌ടർ സ്വന്തമായി. നാഗർകോവിൽ മേയർ അഡ്വ. ആർ മഹേഷ് സംഭാവനയായി നൽകിയതാണ് പുതിയ ട്രാക്‌ടർ. ഇന്നലെ രാവിലെ 9.00 മണിക്ക് സന്നിധാനത്ത് പതിനെട്ടാംപടിക്കു മുന്നിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപന് നാഗർകോവിൽ മേയർ അഡ്വ. ആർ മഹേഷ് ട്രാക്‌ടർ കൈമാറി.
അപ്പം അരവണ വിതരണത്തിനാണ് പുതിയ ട്രാക്‌ടർ ഉപയോഗിക്കുക. പുതിയ ട്രാക്‌ടർ കൂടി വന്നതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നാല് ട്രാക്‌ടറുകൾ സ്വന്തമായി. മഹീന്ദ്ര അർജുൻ നോവോ 605 ഡിഎൽഐ ട്രാക്‌ടറാണ് 12 ലക്ഷം രൂപ മുടക്കി ബോർഡിന് സംഭാവനയായി നൽകിയത്.
മേയർ ആർ മഹേഷ് കഴിഞ്ഞ മാസം ശബരിമല ദർശനത്തിനെത്തിയപ്പോൾ ദേവസ്വം അധികൃതരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചയിലാണ് ബോർഡിന് ട്രാക്‌ടർ സമ്മാനിക്കാനുള്ള സന്നദ്ധത അറിയിച്ചത്. ട്രാക്‌ടറിന്‍റെ ട്രെയ്‌ലർ കൂടി എത്താനുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ അത് ലഭ്യമാക്കുമെന്ന് ആർ മഹേഷ് പറഞ്ഞു.
Also read: തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു ശബരിമലയിൽ ദർശനം നടത്തി