പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് തന്ത്രി കണ്‌ഠരര് രാജീവര് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ശബരിമല നട തുറന്നു. ഇന്ന് ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടായിരുന്നില്ല. മാളികപ്പുറം മേല്‍ശാന്തി എം.എന്‍. റെജികുമാര്‍ ശബരീശന്‍റെ വിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും നടയുടെ താക്കോലും ശബരിമല തന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവില്‍ നട തുറന്നു.
ശബരിമല നട തുറക്കുമ്പോള്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്ര പ്രസാദ്, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍, കണ്ണൂര്‍ എസ്‌പി യതീഷ് ചന്ദ്ര, എഎസ്ഒ പദം സിംഗ് എന്നിവരും സന്നിഹിതരായിരുന്നു. നാളെ പുലര്‍ച്ചെ മുതലാണ് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം സാധ്യമാകുക. ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ട്. ജനുവരി 20ന് ശബരിമല നട അടയ്ക്കും. വെര്‍ച്വല്‍ ക്യൂ മുഖേന ബുക്ക് ചെയ്‌തവർക്ക് മാത്രമാണ് ദര്‍ശനം.
എല്ലാ ദിവസവും 5000 പേര്‍ക്ക് വീതം പ്രവേശനം ഉണ്ടാകും. ഇന്ന് മുതല്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആര്‍ടിപിസിആര്‍ / ആര്‍ടി ലാമ്പ് / എക്‌സ്പ്രസ് നാറ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഭക്തര്‍ക്ക് നിലയ്ക്കലില്‍ കൊവിഡ് പരിശോധന സംവിധാനം ഉണ്ടാവില്ല. 48 മണിക്കൂര്‍ ആണ് സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി. കൊവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ഭക്തരെയും ശബരിമലയിലേക്ക് കടത്തിവിടുകയില്ല.